തമിഴ്‌നാട്ടിലെ കോൺഗ്രസ്- ഡിഎംകെ ഭിന്നത ദേശീയ തലത്തിൽ മുതലെടുക്കാനുള്ള നീക്കവുമായി ബിജെപി
തമിഴ്നാട്ടിൽ നടൻ വിജയിയുടെ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ- കോൺഗ്രസ് സഖ്യം തകർന്നത്

- Published:
22 May 2026 3:58 PM IST

ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിലെ വിള്ളൽ ദേശീയ തലത്തിൽ അനുകൂലമാക്കാൻ കരുനീക്കം തുടങ്ങി ബിജെപി. പാർലമെന്റിൽ തങ്ങളുടെ അംഗബലം വർധിപ്പിക്കുന്നതിനായി ഡിഎംകെയെ ഒപ്പം നിർത്താനുള്ള സാധ്യതകളാണ് ബിജെപി നേതൃത്വം പരിശോധിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ- കോൺഗ്രസ് സഖ്യം തകർന്നത്. കോൺഗ്രസിനെ തങ്ങളെ 'പിന്നിൽ നിന്ന് കുത്തിയവർ' എന്ന് വിശേഷിപ്പിച്ച ഡിഎംകെ, കടുത്ത വിമർശനങ്ങളാണ് മുൻ സഖ്യകക്ഷിക്കെതിരെ ഉന്നയിക്കുന്നത്. ഇതിന്റെ തുടർച്ചയായി ലോക്സഭയിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഇരിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി പുതിയ ഇരിപ്പിട സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സ്പീക്കർ ഓം ബിർലക്ക് കത്തയച്ചിട്ടുണ്ട്. ഈ കടുത്ത നിലപാടാണ് ഡിഎംകെയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ബിജെപിക്ക് നൽകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിക്കപ്പെട്ട ടിവികെ പാർട്ടിയോട് പരാജയപ്പെട്ടതോടെ ഡിഎംകെ രാഷ്ട്രീയമായി പ്രതിരോധത്തിലാണ്. തമിഴ്നാട്ടിൽ ആറ് പതിറ്റാണ്ടുകാലം നീണ്ടുനിന്ന ഡിഎംകെ- എഐഎഡിഎംകെ ദ്വന്ദ്വ മേധാവിത്വത്തിനാണ് സൂപ്പർതാരം വിജയിയുടെ പാർട്ടി അന്ത്യം കുറിച്ചത്. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേസമയം പ്രതിപക്ഷത്തിരിക്കുന്നത് ഒരു പ്രാദേശിക പാർട്ടിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ചു പോകാൻ ഡിഎംകെ തയ്യാറായേക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
നേരത്തെയും ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച ചരിത്രം ഡിഎംകെക്കുണ്ട്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന ഡിഎംകെ പിന്നീട് കോൺഗ്രസ് സഖ്യത്തിലേക്ക് മാറുകയായിരുന്നു. അതിനാൽ ഈ പഴയ ബന്ധം വീണ്ടെടുക്കുക അസാധ്യമല്ലെന്നാണ് ബിജെപി വൃത്തങ്ങൾ കരുതുന്നത്.
എന്നാൽ ഇരുപാർട്ടികളും തമ്മിൽ ഒന്നിക്കുന്നതിന് മുന്നിൽ കടുത്ത വെല്ലുവിളികളുമുണ്ട്. കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ പദ്ധതിയെ ഡിഎംകെ ശക്തമായി എതിർക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിന്മേലുള്ള ബിജെപിയുടെ കടന്നുകയറ്റം എന്ന് വിശേഷിപ്പിച്ചാണ് ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ഡിഎംകെ എംപിമാർ പാർലമെന്റിൽ കരിങ്കൊടി പ്രതിഷേധം നടത്തുകയും ബില്ലിന്റെ പകർപ്പുകൾ കത്തിക്കുകയും ചെയ്തിരുന്നു. ഈ നിലപാടിൽ നിന്ന് പെട്ടെന്നൊരു മാറ്റം സ്റ്റാലിന്റെ പാർട്ടിക്ക് എളുപ്പമാകില്ല.
മറ്റൊരു പ്രധാന തർക്കവിഷയം സനാതന ധർമവുമായി ബന്ധപ്പെട്ട ഡിഎംകെയുടെ നിലപാടാണ്. മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ നടത്തിയ പരാമർശങ്ങൾ ബിജെപിയെയും ഡിഎംകെയെയും കടുത്ത ശത്രുതയിലാക്കിയിരുന്നു. ഈ രണ്ട് വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് ഇരുപക്ഷത്തിനും ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.
പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. മണ്ഡല പുനർനിർണയ ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ എൻഡിഎയ്ക്ക് സാധിച്ചിരുന്നില്ല. നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് എൻഡിഎയ്ക്ക് 70 അംഗങ്ങളുടെ കുറവുണ്ട്. വോട്ടെടുപ്പ് സമയത്ത് ഹാജരുണ്ടായിരുന്ന 528 എംപിമാരിൽ 298 പേർ ബില്ലിനെ അനുകൂലിച്ചും 230 പേർ എതിർത്തും വോട്ട് ചെയ്തു. 54 വോട്ടുകളുടെ കുറവിലാണ് അന്ന് ബിൽ പരാജയപ്പെട്ടത്. ലോക്സഭയിൽ 22 എംപിമാരുള്ള ഡിഎംകെ അന്ന് ബില്ലിനെതിരെയാണ് വോട്ട് ചെയ്തത്. ഭാവിയിൽ ഡിഎംകെയുടെ പിന്തുണ ലഭിച്ചാൽ ബിജെപിക്ക് ഈ പ്രതിസന്ധി മറികടക്കാനാകും.
നവീൻ പട്‌നായിക്കിന്റെ ബിജെഡി, ജഗൻ റെഡ്ഡിയുടെ വൈഎസ്ആർസിപി, കെ. ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് എന്നീ പാർട്ടികളെപ്പോലെ, എൻഡിഎ സഖ്യത്തിൽ ചേരാതെ തന്നെ വിഷയധിഷ്ഠിത പിന്തുണ നൽകുന്ന രീതിയിലേക്ക് ഡിഎംകെയെ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
Adjust Story Font
16
