Quantcast

യു.പിയിൽ താരപ്രചാരകനായി ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ച ആർ.പി.എൻ സിങ് ഇന്ന് ബി.ജെ.പിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിന് കീഴിൽ ഇതൊരു പുതിയ തുടക്കമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    25 Jan 2022 10:51 AM GMT

യു.പിയിൽ താരപ്രചാരകനായി ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ച ആർ.പി.എൻ സിങ് ഇന്ന് ബി.ജെ.പിയിൽ
X

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് പാർട്ടിയുടെ മുഖമായ ആർ.പി.എൻ സിങ് ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിന് കീഴിൽ ഇതൊരു പുതിയ തുടക്കമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കിഴക്കൻ യു.പിയിലെ കുഷിനഗറിൽ നിന്നുള്ള നേതാവായ ആർ.പി.എൻ സിങ് സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖരായ നേതാക്കളിൽ ഒരാളായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാർട്ടിയുടെ താരപ്രചാരകരിൽ ഒരാൾ കൂടിയായിരുന്നു സിങ്.

ഇന്ന് രാവിലെ കോൺഗ്രസുമായി ബന്ധപ്പെട്ട തന്റെ ട്വിറ്റർ ബയോ വിവരങ്ങൾ തിരുത്തിയ അദ്ദേഹം തൊട്ടുപിന്നാലെ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തും പോസ്റ്റ് ചെയ്തു.

''നമ്മുടെ മഹത്തായ റിപ്പബ്ലിക്ക് സ്ഥാപിതമായതിന്റെ ആഘോഷം നടക്കുന്ന സമയമാണിത്. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ജയ് ഹിന്ദ്''-സിങ് ട്വീറ്റ് ചെയ്തു.

ആർ.പി.എൻ സിങ് പദ്രൗന മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ ബി.ജെ.പി വിട്ട സ്വാമി പ്രസാദ് മൗര്യയാണ് ഇവിടെ അദ്ദേഹത്തിന്റെ പ്രധാന എതിരാളി. മൗര്യ പാർട്ടിവിട്ടതിനെ തുടർന്ന് കിഴക്കൻ യു.പിയിൽ ബി.ജെ.പി നേതൃത്വത്തിലുണ്ടായ അവസരം മുതലെടുക്കാനാണ് സിങ്ങിന്റെ വരവെന്നാണ് റിപ്പോർട്ട്.

പദ്രൗനയിൽ നിന്ന് മൂന്നു തവണ എം.എൽ.എ ആയിട്ടുള്ള സിങ് 2009ൽ കുഷിനഗറിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാനം നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്വാമി പ്രസാദ് മൗര്യയാണ് പദ്രൗനയിൽ വിജയിച്ചത്.

കഴിഞ്ഞ വർഷം ജിതിൻ പ്രസാദ പാർട്ടി വിട്ടതിന് ശേഷം യു.പിയിൽ ബി.ജെ.പിയിൽ ചേരുന്ന ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവാണ് ആർ.പി.എൻ സിങ്. ജിതിൻ പ്രസാദ, ജോതിരാദിത്യ സിന്ധ്യ എന്നിവരുടെ പട്ടികയിലേക്ക് ആർ.പി.എൻ സിങ്ങും ചേർന്നത് നിരാശാജനകമാണെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

TAGS :

Next Story