Quantcast

ഒടുവിൽ ആർപിഎൻ സിങ്; രാഹുൽ ബ്രിഗേഡിന്‌ ഇതെന്തു പറ്റി?

ഇടക്കാലത്ത് ഇടഞ്ഞെങ്കിലും സച്ചിൻ പൈലറ്റ് മാത്രമാണ് ഇതിൽ ഇനി കോൺഗ്രസിൽ അവശേഷിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Jan 2022 5:12 PM GMT

ഒടുവിൽ ആർപിഎൻ സിങ്; രാഹുൽ ബ്രിഗേഡിന്‌ ഇതെന്തു പറ്റി?
X

രാഹുൽ ബ്രിഗേഡിലെ 'വരുംതലമുറ' നേതാക്കളിൽ നിന്ന് ആർപിഎൻ സിങ് കൂടി ബിജെപിയിലേക്ക് ചേക്കേറിയതോടെ കോൺഗ്രസിൽ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ജനറേഷൻ നെക്സ്റ്റ് ചോദ്യചിഹ്നമാകുന്നു. ജ്യോതിരാദിത്യ സിന്ധ്യയിൽനിന്ന് ആരംഭിച്ച കൂടുമാറ്റമാണ് ഇപ്പോൾ ആർപിഎൻ സിങ്ങിൽ എത്തി നിൽക്കുന്നത്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങൾ മാത്രം അകലെ നിൽക്കെയാണ് സിങ്ങിന്റെ ബിജെപി പ്രവേശം. സിങ്ങിനെ ബിജെപിയിലേക്ക് ബൊക്ക നൽകി സ്വീകരിച്ചവരില്‍ ജ്യോതിരാദിത്യ സിന്ധ്യയുമുണ്ടായിരുന്നു എന്നത് കൗതുകമായി.

സിങ് മാത്രമല്ല, രണ്ടു വർഷത്തിനിടെ രാഹുൽ ബ്രിഗേഡിൽ നിന്ന് പുറത്തുപോയ നേതാക്കളുടെ എണ്ണം നിരവധിയാണ്. സിന്ധ്യയ്ക്ക് പുറമേ, സുഷ്മിത ദേവ്, ജിതിൻ പ്രസാദ, പ്രിയങ്ക ചതുർവേദി, ലളിതേഷ്പതി ത്രിപാഠി.... ഇങ്ങനെ പോകുന്നു പാർട്ടി വിട്ട വരുംതലമുറ നേതാക്കൾ. ഇടക്കാലത്ത് ഇടഞ്ഞെങ്കിലും സച്ചിൻ പൈലറ്റ് മാത്രമാണ് ഇതിൽ ഇനി അവശേഷിക്കുന്നത്.

കിഴക്കൻ ഉത്തർപ്രദേശിലെ സൈന്ത്‌വാറ രാജകുടുംബാംഗമാണ് ഒബിസി കുർമി നേതാവായ സിങ്. യുപിയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രിയങ്കാ ഗാന്ധി വാദ്രയുടെ ശ്രമങ്ങൾക്കിടെയാണ് പാർട്ടിയെ അമ്പരപ്പിച്ച് മുതിര്‍ന്ന നേതാവിന്‍റെ രാജിയുണ്ടാകുന്നത്. ബിജെപി വിട്ട് എസ്പിയിലെത്തിയ സ്വാമി പ്രസാദ് മൌര്യയ്ക്കെതിരെ ബിജെപി സിങ്ങിനെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തുമെന്നാണ് സൂചന.

സിങ്ങിന്റെ രാജിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു എങ്കിലും അദ്ദേഹം തന്നെ അത് തള്ളിയിരുന്നു. എന്നു മാത്രമല്ല, തിങ്കളാഴ്ച പുറത്തുവിട്ട കോണ്‍ഗ്രസിന്‍റെ താര പ്രചാരക പട്ടികയിലും സിങ് ഇടംപിടിച്ചിരുന്നു. രാജിയെ കുറിച്ച് കോൺഗ്രസിന് ഒരു സൂചനയുമില്ലായിരുന്നു എന്നു ചുരുക്കം.

മൂന്നു തവണ എംഎൽഎയായ സിങ് മൂന്നു പതിറ്റാണ്ടായി കോൺഗ്രസിനൊപ്പം സഞ്ചരിച്ച നേതാവായിരുന്നു. പിതാവ് കൻവർ ചന്ദ്ര പ്രതാപ് നരൈൻ എംഎൽഎയും എംപിയുമായിരുന്നു. 1980ലെ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗവുമായിരുന്നു.

TAGS :

Next Story