ക്യൂബ തനിച്ചല്ല, കടന്നാക്രമണത്തിൽ നിന്ന് അമേരിക്ക പിൻമാറണം: സിപിഎം
അമേരിക്ക നടത്തുന്ന ഏതൊരു സൈനിക ഇടപെടലും വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവെക്കുമെന്നും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ക്യൂബൻ ജനത ഏതറ്റം വരെയും പോരാടുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയം മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: ക്യൂബയ്ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് സിപിഎം. ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.
ക്യൂബൻ വിപ്ലവത്തിന്റെ ചരിത്ര നേതാവായ റൗൾ കാസ്‌ട്രോയ്‌ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ച നിയമവിരുദ്ധവുമായ കുറ്റപത്രത്തെ കേന്ദ്ര കമ്മിറ്റി അപലപിച്ചു. 1996-ൽ ക്യൂബൻ വ്യോമാതിർത്തി ലംഘിച്ച മിയാമി ആസ്ഥാനമായുള്ള 'ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ' എന്ന ഭീകരസംഘടനയുടെ ലഘുവിമാനം വെടിവെച്ചിട്ട സംഭവത്തെ മുൻനിർത്തി, 30 വർഷങ്ങൾക്ക് ശേഷം കെട്ടിച്ചമച്ച നുണകളുടെയും കൃത്രിമത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് വിപ്ലവ നേതാവിനെതിരെ അമേരിക്ക കേസ് എടുത്തിരിക്കുന്നത്. സാമ്രാജ്യത്വ ശക്തികൾക്ക് ക്യൂബൻ ജനതയുടെ നിശ്ചയദാർഢ്യത്തെ തകർക്കാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്നാണ് ഇത്തരം രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ ഉണ്ടാകുന്നത്.
സൈനിക അധിനിവേശ ഭീഷണിയും ട്രംപിന്റെ പ്രസ്താവനയും ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തെ തകർക്കാനും അവിടെ ഭരണമാറ്റം അടിച്ചേൽപ്പിക്കാനുമാണ് യുഎസ് പരസ്യമായി ശ്രമിക്കുന്നത്. മേയ് 21-ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങളുടെ ലക്ഷ്യം ക്യൂബയാണ് എന്നും ദ്വീപ് രാഷ്ട്രത്തെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നുവെന്നും തുറന്നുപറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക ഉപരോധങ്ങൾ മൂലം ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുമ്പോഴും അവർ വിപ്ലവത്തിന്റെ കാവലാളായി ഒന്നിച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്ക നടത്തുന്ന ഏതൊരു സൈനിക ഇടപെടലും വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവെക്കുമെന്നും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ക്യൂബൻ ജനത ഏതറ്റം വരെയും പോരാടുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകി.
ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ദൃഢനിശ്ചയത്തോടെയും ഒത്തൊരുമയോടെയും നിലകൊണ്ട ക്യൂബൻ ജനതക്കും ക്യൂബൻ വിപ്ലവത്തിന്റെ നേതൃത്വത്തിനും സിപിഎം ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചരിത്രനേതാവായ റൗൾ കാസ്‌ട്രോയ്ക്ക് നേരെയുള്ള ഈ അപമാനത്തിലും ക്യൂബയെ ആക്രമിക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളിലും പ്രതിഷേധിച്ച് തെരുവിലിറങ്ങാനും തങ്ങളുടെ ശക്തമായ അമർഷം രേഖപ്പെടുത്താനും ഇന്ത്യൻ ജനതയോട് പ്രമേയത്തിലൂടെ സിപിഎം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.
Adjust Story Font
16

