പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ
പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും തടയാൻ ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ

- Published:
24 May 2026 9:02 PM IST

ലഖ്നൗ: ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്‌ലിം സംഘടനകൾ രംഗത്ത്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെ ഉൾപ്പെടെ നിരവധി മുസ്‌ലിം സംഘടനകൾ രംഗത്തെത്തി. പശുവിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ ചൂഷണങ്ങൾ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ. വിഷയത്തിൽ മുസ്‌ലിം സമൂഹത്തിനിടയിൽ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനം നൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്.
2027-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാൾ സമയത്ത് മുസ്‌ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈ ആവശ്യം ഉന്നയിക്കാറുള്ളത്.
പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്‌ലിം സംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്‌ലിം സംഘടനകളുടെ യോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കൾക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായി ബന്ധപ്പെട്ട നയങ്ങളിൽ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആൾക്കൂട്ട അക്രമങ്ങൾ ഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.
ഇറച്ചി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖുറേഷി സമുദായത്തിന്റെ പ്രമുഖ സംഘടനയായ ഓൾ ഇന്ത്യ ഖുറേഷി ജമാഅത്തിന്റെ പ്രസിഡന്റ് സിറാജ് ഖുറേഷിയും ഈ ആവശ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. പെരുന്നാളിന് മുന്നോടിയായി ഗോവധ വിഷയം വീണ്ടും സജീവമായിട്ടുണ്ടെന്നും പശ്ചിമ ബംഗാളിലെ സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് തങ്ങളുടെ സംഘടന ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ ഒരു സർക്കാരും ഇതിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം ന്യായമാണെന്നും സർക്കാർ ഇത് ആത്മാർഥതയോടെ നടപ്പാക്കണമെന്നും ഓൾ ഇന്ത്യ ഷിയാ പേഴ്‌സണൽ ലോ ബോർഡ് നാഷണൽ ജനറൽ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസ് അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ പശുവിറച്ചി യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുകയും, മറ്റ് ചില സംസ്ഥാനങ്ങളിൽ പശുവിന്റെ പേരിൽ മനുഷ്യജീവനുകൾ എടുക്കുകയും ചെയ്യുന്ന അവസ്ഥ മാറണമെന്നും സർക്കാരിന്റെ നയങ്ങളിൽ ഈ വ്യക്തത കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൗസർ ഹയാത്ത് ഖാനും മദനിയുടെ ആവശ്യത്തെ പിന്തുണച്ചു. ഈ ആവശ്യം സാങ്കേതികമായി ശരിയാണെന്നും എല്ലാ മുസ്‌ലിം സംഘടനകളും ഒന്നിച്ചുനിന്നാൽ മാത്രമേ ഈ നീക്കത്തിന് പൂർണ വേഗത കൈവരൂ എന്നും അദ്ദേഹം നിരീക്ഷിച്ചു. ഗോവ, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും പശുവിറച്ചി യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിലെ നയവും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി സ്വീകരിക്കുന്ന നിലപാടും തമ്മിലുള്ള വൈരുദ്ധ്യത്തെ വിമർശിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനി തന്റെ ദീർഘകാലമായുള്ള ഈ ആവശ്യം വീണ്ടും ആവർത്തിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും, പശുവിനെ കൊല്ലാനായി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും പശുവിറച്ചി കച്ചവടം നടത്തുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് പുതിയൊരു ആവശ്യമല്ലെന്നും, 2014-ൽ മുംബൈയിൽ നടന്ന സർവമത സമ്മേളനത്തിൽ മദനി ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും സംഘടനയുടെ ഉത്തർപ്രദേശ് ഘടകം നിയമോപദേശകൻ മൗലാന കാബ് റഷീദി ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ വിവിധ ഹൈന്ദവ സംഘടനകളും ഈ ആവശ്യം ശക്തമാക്കിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
