'നിയമപരിചയമുള്ള ക്രിമിനൽ മനസുള്ള ജഡ്ജി, 35 വർഷത്തെ ജുഡീഷ്യൽ സ്വാധീനം ഉപയോഗിച്ച് ഒത്തുകളിക്കുന്നു' ;ട്വിഷയുടെ ഭര്‍തൃമാതാവിനെതിരെ ശോഭാ ഡെ
ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ് ഒളിവിൽ പോയതിൽ ഒത്തുകളിയെന്ന് ശോഭാ ഡെ

- Updated:
2026-05-23 07:01:31.0

ഭോപ്പാൽ: രാജ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു മോഡൽ ട്വിഷ ശര്‍മയുടെ ദുരൂഹ മരണം. ഒരുപാട് സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടന്ന യുവതിയെ വെറും അഞ്ച് മാസത്തിനുള്ളിൽ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവും ജില്ലാ കോടതി അഭിഭാഷകനുമായ സമര്‍ഥ് സിങ് ഒളിവിൽ പോകുന്നു. മരണശേഷം മരുമകളെ റിട്ടയേഡ് ജഡ്ജിയായ അമ്മായിമ്മ പല വിധത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നു. അതേസമയം നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് യുവതിയുടെ കുടുംബം.
"ഇതെല്ലാം കാണുമ്പോൾ വലിയൊരു ഒത്തുകളി (cover-up) ആണെന്നാണ് തോന്നുന്നത്," പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡെ പറയുന്നു. "ആരുടെയും ലൊക്കേഷൻ വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന, ഒസാമ ബിൻ ലാദനെപ്പോലും പിടികൂടാൻ സാധിച്ച ഈ അത്യാധുനിക കാലഘട്ടത്തിൽ, ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിങ് 10 ദിവസത്തോളം പൊലീസിന് പിടികൊടുക്കാതെ ഒളിവിലായിരുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും?" അവർ ചോദിച്ചു. ഭോപ്പാലിലെ കത്താറ ഹിൽസിലെ ഭര്‍തൃവീട്ടിൽ മെയ് 12നാണ് ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. പത്ത് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം വെള്ളിയാഴ്ചയാണ് ട്വിഷ ശർമ അറസ്റ്റിലായത്.
ഗിരിബാലയെ ജുഡീഷ്യൽ പരിചയമുള്ള ക്രിമനൽ മനസുള്ള വ്യക്തിയെന്ന് വിശേഷിപ്പിച്ച ശോഭ തന്റെ സ്വാധീനം ഉപയോഗിച്ച് ഇതെല്ലാം മറച്ചുവെക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ 10 ദിവസത്തെ അവരുടെ പെരുമാറ്റം കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
ട്വിഷയുടെ മരണശേഷമുള്ള അമ്മായിയമ്മയുടെ പരസ്യ പ്രസ്താവനകളെ ശക്തമായി അപലപിച്ച ഡെ, മരിച്ച പെൺകുട്ടിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചും, അവിഹിത ബന്ധങ്ങൾ ആരോപിച്ചും, മാധ്യമങ്ങളിലേക്ക് വിവരങ്ങൾ ചോർത്തി നൽകിയും അവളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെയുള്ള കടുത്ത രോഷം പ്രകടിപ്പിച്ചു. നിയമപരമായ എല്ലാ വഴികളും തേടാനാണ് തന്റെ മകൻ ഒളിവിൽ പോയതെന്ന് ന്യായീകരിക്കുന്നതിനെയും അവർ ചോദ്യം ചെയ്തു. "ഇതെല്ലാം കാണിക്കുന്നത് കേസ് ഒതുക്കിതീർക്കാൻ അവർ തന്റെ 35 വർഷത്തെ ജുഡീഷ്യൽ പരിചയവും വ്യവസ്ഥിതിയിലുള്ള സ്വാധീനവും ഉപയോഗിക്കുന്നു എന്നാണ്," ശോഭാ ഡെ ആരോപിച്ചു.
വെള്ളിയാഴ്ച, ട്വിഷയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം മധ്യപ്രദേശ് ഹൈക്കോടതി രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് അനുമതി നൽകിയതോടെ, സത്യാവസ്ഥ പുറത്തുവരുമെന്ന് ശോഭാ ഡെ പ്രത്യാശ പ്രകടിപ്പിച്ചു. "ശരീരത്തിൽ ഒരുപാട് സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും. അവളുടെ സഹോദരൻ രണ്ടാം പോസ്റ്റ്‌മോർട്ടത്തിനായി ഇത്രയധികം നിർബന്ധം പിടിച്ചില്ലായിരുന്നെങ്കിൽ, സത്യം ആ ശരീരത്തോടൊപ്പം ചാരമായി മാറിയേനെ," ഡെ പറയുന്നു. "ഈ കേസ് ഒരു സ്ത്രീധന പീഡന മരണം എന്ന നിലയിൽ മാത്രമല്ല, മറിച്ച് ഒരു ഒത്തുകളി എന്ന നിലയിൽ കൂടി അന്വേഷിക്കണം. കാരണം അന്വേഷണ ഉദ്യോഗസ്ഥർ വളരെ മോശം രീതിയിലാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്" അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16
