Quantcast

രാജകുമാരിയുടെ എതിർപ്പ്; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ അബുദാബിയിലെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

'വലതുപക്ഷ ഹിന്ദു അവതാരകനായ സുധീർ ചൗധരി ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിംകൾക്കു നേരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴത്തിലുള്ള ഇസ്ലാം വിരുദ്ധതയുടെ പേരിൽ പ്രസിദ്ധനാണ്. അയാളുടെ പല പ്രൈംടൈം ഷോകളും രാജ്യത്തെ മുസ്ലിംകൾക്കു നേരെ അക്രമങ്ങൾക്ക് കാരണമായിട്ടുണ്ട്.' - അവർ ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-11-22 06:06:26.0

Published:

22 Nov 2021 6:02 AM GMT

രാജകുമാരിയുടെ എതിർപ്പ്; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ അബുദാബിയിലെ പരിപാടിയിൽ നിന്ന് ഒഴിവാക്കി
X

യു.എ.ഇയിലെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി പ്രതിഷേധമുയർത്തിയതിനെ തുടർന്ന് അബുദാബിയിൽ നടക്കാനിരിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് പരിപാടിയിലെ പ്രഭാഷകരിൽ നിന്ന് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ നീക്കി. 'വ്യാജവാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷം ഉൽപ്പാദിപ്പിക്കുന്ന' ചൗധരിയെ യു.എ.ഇയിലേക്ക് ക്ഷണിച്ചതിനെതിരെ നിരവധി ട്വീറ്റുകളിലൂടെ രാജകുമാരി പരസ്യമായി രംഗത്തുവന്നിരുന്നു. ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങൾ എഴുതിയ കത്ത് രാജകുമാരി ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ചടങ്ങിൽ നിന്ന് ചൗധരിയെ നീക്കിയിരിക്കുന്നത്.

നവംബർ 25, 26 ദിവസങ്ങളിലായി അബുദാബിയിലെ ഫെയർമൗണ്ട് ബാബ് അൽ ബഹ്‌റിൽ സംഘടിപ്പിക്കുന്ന ആന്വൽ ഇന്റർനാഷണൽ സെമിനാറിലേക്കാണ് മുഖ്യാതിഥിയായി ഐ.സി.എ.ഐ സുധീർ ചൗധരിയെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റർ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ട് ശനിയാഴ്ച ഹിന്ദ് രാജകുമാരി ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

'വലതുപക്ഷ ഹിന്ദു അവതാരകനായ സുധീർ ചൗധരി ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിംകൾക്കു നേരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴത്തിലുള്ള ഇസ്ലാം വിരുദ്ധതയുടെ പേരിൽ പ്രസിദ്ധനാണ്. അയാളുടെ പല പ്രൈംടൈം ഷോകളും രാജ്യത്തെ മുസ്ലിംകൾക്കു നേരെ അക്രമങ്ങൾക്ക് കാരണമായിട്ടുണ്ട്.' - അവർ ട്വീറ്റ് ചെയ്തു. എന്തിനാണ് തങ്ങളുട സമാധാനപൂർണമായ രാജ്യത്തേക്ക് ഇസ്ലാമോഫോബും വിദ്വേഷകനുമായ ചൗധരിയെ കൊണ്ടുവരുന്നത് എന്ന് ഐ.സി.എ.ഐയെ ടാഗ് ചെയ്തു കൊണ്ട് അവർ ചോദിക്കുകയും ചെയ്തു.

മറ്റൊരു ട്വീറ്റിൽ, 2019-20 കാലഘട്ടത്തിൽ പൗരത്വവിരുദ്ധ പ്രക്ഷോഭം നടത്തിയ ഷഹീൻ ബാഗിലെ വനിതകളടക്കമുള്ള മുസ്ലിംകൾക്കെതിരെ വ്യാജവാർത്തയും വിദ്വേഷ പ്രചരണവും നടത്തിയയാളാണ് ചൗധരിയെന്നും പറയുന്നു. 'മുസ്ലിംകളെ അധിക്ഷേപിക്കുകയും ഇസ്ലാമിനെയും പ്രവാചകനെയും അവമതിക്കുകയും ചെയ്യുന്ന' ചൗധരിയെ യു.എ.ഇയിലേക്ക് കൊണ്ടുവരുന്നതിനെതിരെ അവർ അറബി ഭാഷയിലും ട്വീറ്റ് ചെയ്തു.



ഇതിനു പിന്നാലെയാണ് ഒരു പരമ്പര ട്വീറ്റുകൾക്കൊപ്പം ഐ.സി.എ.ഐ അബുദാബി ചാപ്റ്ററിന്റെ ചെയർമാനെയും മാനേജിങ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് അംഗങ്ങൾ എഴുതിയ കത്ത് ഹിന്ദ് രാജകുമാരി പ്രസിദ്ധീകരിച്ചത്. സുധീർ ചൗധരി അറിയപ്പെട്ട മാധ്യമപ്രവർത്തകനാണെങ്കിലും അൺപ്രൊഫഷണൽ മാധ്യമപ്രവർത്തനത്തിലും ക്രിമിനൽ കുറ്റകൃത്യങ്ങളിലും അയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിദേശരാജ്യത്ത് ഉന്നതമായ ബഹുമാനവും പ്രതിച്ഛായയും കാത്തുസൂക്ഷിക്കാൻ ബാധ്യതയുള്ള പ്രൊഷണഷൽ സംഘടനയാണ് തങ്ങളുടേതെന്നും കത്തിൽ പറയുന്നു.

അംഗങ്ങൾ ഒപ്പുവെച്ച കത്ത് ലഭിച്ചതിനെ തുടർന്ന് ഐ.സി.എ.ഐ പരിപാടിയിൽ നിന്ന് സുധീർ ചൗധരിയെ ഒഴിവാക്കിയെന്ന് ദി ക്വിന്റ്, ജൻതാ കാ റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, സംഘടനയുടെ വെബ്‌സൈറ്റിലെ പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ചൗധരിയെ മാറ്റിയിട്ടില്ല.

Also Read:വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോഫോബിയയും ഇല്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാർത്ഥിക്കുന്നുവെന്ന് യു.എ.ഇ രാജകുടുംബാംഗം


TAGS :

Next Story