'സ്വന്തം സീറ്റിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ധൈര്യമുണ്ടോ?'; വിമത എംപിമാരെ വെല്ലുവിളിച്ച് ടിഎംസി നേതാവ് കല്യാൺ ബാനർജി
20 എംപിമാരുടെ പിന്തുണയുണ്ട് എന്നത് വിമതരുടെ വ്യാജ അവകാശവാദമാണ്. ധൈര്യമുണ്ടെങ്കിൽ സ്പീക്കർക്ക് നൽകിയ കത്ത് പുറത്തുവിടണമെന്ന് കല്യാൺ ബാനർജിയും കീർത്തി ആസാദും ആവശ്യപ്പെട്ടു

- Published:
9 Jun 2026 1:06 PM IST

ന്യൂഡൽഹി: വിമത ടിഎംസി എംപിമാരെ വെല്ലുവിളിച്ച് മമത ബാനർജിക്ക് ഒപ്പമുള്ള എംപിമാർ. സ്വന്തം മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് കല്യാൺ ബാനർജി ചോദിച്ചു. മമത ബാനർജിയല്ല നരേന്ദ്ര മോദിയാണ് തങ്ങളുടെ നേതാവെന്ന് വിമതർ തെളിയിച്ചെന്നും കല്യാൺ ബാനർജിയും കീർത്തി ആസാദും പറഞ്ഞു.
പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനുള്ള അവകാശം വിമതർക്കില്ല. 20 എംപിമാരുടെ പിന്തുണയുണ്ട് എന്നത് വ്യാജ പ്രചാരണമാണ്. ധൈര്യമുണ്ടെങ്കിൽ കത്ത് പുറത്തുവിടണം. 20 എംപിമാർ തങ്ങളുടെ കൂടെയാണെന്ന് പറഞ്ഞ് കൂടുതൽ എംപിമാരെ കൂടെ നിർത്താനുള്ള ശ്രമമാണ് വിമതർ നടത്തുന്നത്. ഡൽഹിയിൽ പോയി കൂറുമാറുന്നവർ ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഉത്തരം പറയേണ്ടിവരും. വിമതർക്ക് അധികാരത്തോട് ആർത്തിയാണെന്നും അവർ മമത ബാനർജിയെ വഞ്ചിക്കുകയാണെന്നും കല്യാൺ ബാനർജി പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാർട്ടിയുടെ മാത്രം പരാജയമല്ലെന്നും, തൃണമൂലിനെതിരെ ഒന്നിച്ച് നിന്ന ഒരു വലിയ രാഷ്ട്രീയ സഖ്യത്തിന്റെ ഫലമാണെന്നും കീർത്തി ആസാദ് പറഞ്ഞു. വിമത എംപിമാരുടെ മണ്ഡലങ്ങളിൽ തൃണമൂൽ പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായാൽ കല്യാൺ ബാനർജിയുടെ നേതൃത്വത്തിൽ പാർട്ടി അവർക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും മുൻ ക്രിക്കറ്റ് താരം കൂടിയായ കീർത്തി ആസാദ് ഉറപ്പുനൽകി.
അതിനിടെ പാർട്ടി നേതൃത്വത്തിന് ശക്തമായ മറുപടിയുമായി വിമത നേതാവ് കക്കോലി ഘോഷ് ദസ്തിദാറും രംഗത്തെത്തി. ''എന്റെ തല വെട്ടിയാലും ഞാൻ തലകുനിക്കില്ല. ഞാൻ ഒരുപാട് സഹിച്ചുകഴിഞ്ഞു. മമത ബാനർജി 2011-ൽ മുഖ്യമന്ത്രിയായതിന് ശേഷമല്ല ഞാൻ ഇവിടെ വന്നത്. കഴിഞ്ഞ 40 വർഷമായി ഞാൻ ഇവിടെ പോരാടുകയാണ്. ഇത്തരം ആളുകളുടെ വാക്കുകൾ എന്നെ ബാധിക്കില്ല''- അവർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുകയാണ്. 15 വർഷമായി ബംഗാളിൽ ശക്തമായ ഭരണം നടത്തുന്ന പാർട്ടി 1998-ൽ മമത ബാനർജി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പിളർപ്പിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. ഇരുവിഭാഗങ്ങളും നിലപാടുകൾ കടുപ്പിച്ചതോടെ ബംഗാൾ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ പോരാട്ടം കൂടുതൽ ശക്തമാകുമെന്നാണ് സൂചനകൾ.
Adjust Story Font
16
