ഇരട്ട പാൻ കാർഡ് കേസ്: എസ്പി നേതാവ് അസം ഖാന്റെ ശിക്ഷാ കാലാവധി 10 വർഷമാക്കി ഉയർത്തി യുപി കോടതി
അസം ഖാന് ചുമത്തിയിരുന്ന പിഴ 50,000 രൂപയിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തുകയും ചെയ്തു

- Published:
24 May 2026 7:21 PM IST

രാംപൂർ: ഇരട്ട പാൻ കാർഡ് കേസിൽ സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ ശിക്ഷാ കാലാവധി ഏഴിൽ നിന്ന് 10 വർഷമാക്കി ഉയർത്തി രംപൂർ എംപി/എംഎൽഎ കോടതി. കൂടുതൽ കർശനമായ ശിക്ഷ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. അസം ഖാന് ചുമത്തിയിരുന്ന പിഴ 50,000 രൂപയിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. മകൻ അബ്ദുല്ലയുടെ ശിക്ഷാ കാലാവധി ഏഴ് വർഷമാക്കി തന്നെ നിലനിർത്തിയെങ്കിലും അദ്ദേഹത്തിന് മേൽ ചുമത്തിയ പിഴ 3.5 ലക്ഷമാക്കി വർധിപ്പിച്ചു.
ഇരട്ട പാൻ കാർഡ് കേവലം ഒരു ക്ലറിക്കൽ പിഴവല്ലെന്നും, സർക്കാർ തിരിച്ചറിയൽ രേഖകൾ മനപ്പൂർവം വ്യാജമായി നിർമിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും പ്രൊസിക്യൂഷൻ അപ്പീലിൽ വാദിച്ചു. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനായി മാതൃകാപരമായ ശിക്ഷ നൽകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
2019 ജൂലൈ 30-ന് ബിജെപി എംഎൽഎ ആകാശ് സക്‌സേന റാംപൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിന്നാണ് കേസിന്റെ തുടക്കം. വ്യത്യസ്തമായ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് അബ്ദുല്ല അസം വ്യാജമായി രണ്ട് പാൻ കാർഡുകൾ കൈപ്പറ്റിയെന്നാണ് സക്‌സേന ആരോപിച്ചത്. അന്വേഷണത്തിൽ, അസം ഖാനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെയും കേസിൽ പ്രതിചേർക്കുകയായിരുന്നു.
അബ്ദുല്ല അസമിന്റെ കയ്യിൽ വ്യത്യസ്ത ജനന തീയതികളുള്ള രണ്ട് പാൻ കാർഡുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഒരു രേഖയിൽ 1993 ജനുവരി ഒന്ന് എന്നും മറ്റൊന്നിൽ 1990 സെപ്റ്റംബർ 30 എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമാണെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. നീണ്ട വിചാരണയ്ക്ക് ശേഷം, 2025 നവംബർ 17-ന് എംപി/എംഎൽഎ കോടതി ഇരുവരേയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇവരെ രാംപൂർ ജില്ലാ ജയിലിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് ഇരുവരും ഈ ശിക്ഷാവിധിയെ സെഷൻസ് കോടതിയിൽ ചോദ്യം ചെയ്തു.
ഏപ്രിൽ ആറിനാണ് കേസിൽ അന്തിമ വാദം പൂർത്തിയായത്. പ്രതികൾക്കായി അഡ്വ.നാസിർ സുൽത്താനും പ്രോസിക്യൂഷന് വേണ്ടി എഡിജിസി സീമ റാണയും ഹാജരായി. വിധി പറയുന്നതിനായി മാറ്റിവെച്ച ശേഷം, സെഷൻസ് കോടതി ജഡ്ജി വിജയ് കുമാർ അസം ഖാനും അബ്ദുല്ല അസമും നൽകിയ അപ്പീലുകൾ തള്ളുകയും, കീഴ്ക്കോടതിയുടെ ശിക്ഷാവിധി ശരിവെച്ചുകൊണ്ട് ശിക്ഷ വർധിപ്പിക്കുകയുമായിരുന്നു.
Adjust Story Font
16
