Quantcast

ജിയോ കേബിള്‍ സ്ഥാപിച്ചതിലൂടെ കൊച്ചി കോര്‍പറേഷന് ലക്ഷങ്ങളുടെ നഷ്ടം

MediaOne Logo

Damodaran

  • Published:

    5 Jun 2018 12:38 PM GMT

കോര്‍പറേഷന് നഷ്ടമായത് 22 ലക്ഷത്തിലേറെ. സെക്രട്ടറിയില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ ഓഡിറ്റ് വിഭാഗം

റിലയന്‍സ് ജിയോയുടെ ഓവര്‍ ഹെഡ് കേബിള്‍ സ്ഥാപിച്ചതിലൂടെ കൊച്ചി കോര്‍പറേഷന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. കൌണ്‍സില്‍ അനുവദിച്ചിലും കൂടുതല്‍ കേബിള്‍ സ്ഥാപിക്കാന്‍ സെക്രട്ടറി അനുമതി നല്‍കിയതിലൂടെ 22 ലക്ഷത്തിലേറെ രൂപ കോര്‍പറേഷന് നഷ്ടം വന്നതായി കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ഓ‍ഡിറ്റിങില്‍ കണ്ടെത്തി.

കരാറിലെ വ്യവസ്ഥകള്‍ അവ്യക്തത നിറഞ്ഞതാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്., 2015 ജനുവരിയിലാണ് കൌണ്‍സില്‍ റിലയന്‍സിന് ഓവര്‍ഹെഡ് കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. തറവാടകയായി കേബിള്‍ കിലോമീറ്ററിന് പ്രതിവര്‍ഷം 37500 രൂപയും പോള്‍ ഒന്നിന് 5000 രൂപയും നിശ്ചയിച്ചു. 44.69 കിലോമീറ്റര്‍ കേബിളും 1464 പോളുകള്‍ സ്ഥാപിക്കാനുമായിരുന്നു റിലയന്‍സിന്‍റ അപേക്ഷ. എന്നാല്‍ 42.2 കിലോമീറ്ററ് കേബിളും 1351 പോളുകള്‍ക്കും മാത്രമാണ് കൌണ്‍സില്‍ അനുമതി നല്‍കിയത്. പക്ഷെ മാര്‍ച്ച് 12 ലെ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം 46.47 കിലോമീറ്റര്‍ കേബിളിനും 1513 പോളുകള്‍ക്കുമാണ് അനുമതി നല്‍കി. അതായത് കൌണ്‍സില്‍ അനുവദിച്ചതിലും കൂടുതല്‍. കരാര്‍ പ്രകാരം കൌണ്‍സില്‍ അനുവദിച്ചതിനുള്ള തുക മാത്രമാണ് റിലയന്‍സ് അടച്ചത്.

ഇതിനുപുറമെ കൌണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി കരാര്‍ കാലാവധി 2016 വരെ എന്നതിനുപകരം 2015 മുതല്‍ 3 വര്‍ഷത്തേക്ക് എന്നുമാക്കി. ഇതിനാലുള്ള നഷ്ടം പ്രതിവര്‍ഷം 10 ലക്ഷത്തോളം രൂപയാണ്. തറവാടക അടക്കാന്‍ വൈകിയാല് പിഴ ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താതിനാല്‍ രണ്ടരലക്ഷത്തിലേറെ രൂപയുടെ നഷ്ടം വേറെയും. 2016-17 വര്‍ഷത്തേക്ക് കേബിളിന്‍റെ തറവാടക 50,000 ആക്കണമെന്ന് ധനകാര്യസ്റ്റാന്‍റിങ് കമ്മിറ്റി കൌണ്‍സിലിന് ശുപാര്‍ശചെയ്തെങ്കിലും തീരുമാനമായിട്ടില്ല. കരാര്‍ മൂലം സംഭവിച്ച നഷ്ടം സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ ശുപാര്‍ശ.

Next Story