Quantcast

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം: ബാങ്ക് പിഴിയുന്നത് ജീവനക്കാരേയും ഉപഭോക്താക്കളെയും

MediaOne Logo

Khasida

  • Published:

    18 Jun 2018 3:26 AM GMT

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം: ബാങ്ക് പിഴിയുന്നത് ജീവനക്കാരേയും ഉപഭോക്താക്കളെയും
X

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം: ബാങ്ക് പിഴിയുന്നത് ജീവനക്കാരേയും ഉപഭോക്താക്കളെയും

സേവനങ്ങള്‍ക്ക് പണം ഈടാക്കിയും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാതെയും നഷ്ടം നികത്താനുള്ള നീക്കമാണ് ബാങ്കുകള്‍ നടത്തുന്നത്.

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടത്തിന്‍റെ പേരില്‍ രാജ്യത്തെ ദേശസാത്കൃത ബാങ്കുകള്‍ ജീവനക്കാരേയും ഉപഭോക്താക്കളേയും പിഴിയുന്നു. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷമായി ബാങ്കുകളുടെ ആകെ പ്രവര്‍ത്തന ലാഭത്തിനും മുകളിലാണ് കിട്ടാക്കടത്തിനായി നീക്കി വെച്ചിരിക്കുന്ന തുക. സേവനങ്ങള്‍ക്ക് പണം ഈടാക്കിയും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാതെയും നഷ്ടം നികത്താനുള്ള നീക്കമാണ് ബാങ്കുകള്‍ നടത്തുന്നത്.

രാജ്യത്തെ വിവിധ ബാങ്കുകളിലായുള്ള കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടങ്ങളില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളുടെ പേരിലാണ്. മുമ്പെങ്ങുമില്ലാത്ത വിധം കിട്ടാക്കടം ലാഭത്തെയും കവച്ചു വെക്കുന്നുവെന്ന ഗുരുതര സ്ഥിതി വിശേഷമാണ് കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി രാജ്യം അഭിമുഖീകരിക്കുന്നത്.

2013-14 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളുടെ ആകെ പ്രവര്‍ത്തന ലാഭം 1,27,653 കോടി രൂപയായിരുന്നു. കിട്ടാക്കടത്തിന്‍റെ പേരില്‍ മാറ്റിവെച്ചത് 90633 കോടി രൂപയും. കിട്ടാക്കടം ഒഴിവാക്കിയിട്ടും 37019 കോടി രൂപ ലാഭമുണ്ടായി. 2014-15 സാമ്പത്തിക വര്‍ഷം ആകെ പ്രവര്‍ത്തന ലാഭം 1,37,760 കോടി രൂപയും കിട്ടക്കടത്തിന് നീക്കി വെച്ചത് 1,00,901 കോടി രൂപയുമായിരുന്നു. പക്ഷേ 2015-16 സാമ്പത്തിക വര്‍ഷം ആകെ പ്രവര്‍ത്തന ലാഭം 1,36,275 കോടി രൂപയായിരുന്നുവെങ്കില്‍ കിട്ടാക്കടം 1,53,967 കോടി രൂപയായി ഉയര്‍ന്നു. അതായത് 18417 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്കുണ്ടായിരിക്കുന്നത്. ഇതു തന്നെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും സ്ഥിതി.

കനത്ത നഷ്ടം വരുത്തിവെക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാതെ ഉപഭോക്താക്കളെയും ജീവനക്കാരേയും ബാങ്കുകള്‍ ചൂഷണം ചെയ്യുകയാണെന്നാണ് ആക്ഷേപം. ഡിജിറ്റലൈസേഷന്‍റെ പേരില്‍ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.കോര്‍പ്പറേറ്റുകള്‍ ഉണ്ടാക്കി വെച്ച നഷ്ടത്തിന്‍റെ പേരില്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് പോലും നിഷേധിക്കപ്പെടുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.

Next Story