Quantcast

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം; ഭൂമി ശാസ്ത്രപരമായ അതിരുകള്‍ മാനദണ്ഡമാക്കരുതെന്ന് നിയമസഭാ സമിതി

വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയ എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കണം

MediaOne Logo

Web Desk

  • Published:

    4 Aug 2018 8:11 AM GMT

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം; ഭൂമി ശാസ്ത്രപരമായ അതിരുകള്‍ മാനദണ്ഡമാക്കരുതെന്ന് നിയമസഭാ സമിതി
X

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ഭൂമി ശാസ്ത്രപരമായ അതിരുകള്‍ മാനദണ്ഡമാക്കരുതെന്ന് നിയമസഭാ സമിതി. വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയ എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കണം. 11 പഞ്ചായത്തിനെ മാത്രം ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ക്ക് സഹായം നിഷേധിക്കപ്പെട്ടിരുന്നു. ദുരിത ബാധിതര്‍ക്ക് ജോലി സംവരണം നല്‍കണമെന്നും അയിഷാ പോറ്റി അധ്യക്ഷയായ സമിതി ശിപാര്‍ശ ചെയ്തു.

സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച സ്പെഷ്യല്‍ റിപ്പോര്‍ട്ടിലാണ് ശിപാര്‍ശ. 11 ദുരിത ബാധിത പഞ്ചായത്തുകള്‍ക്ക് പുറമെ മറ്റ് പഞ്ചായത്തുകളില്‍ കൂടി ശാസ്ത്രീയ പഠനം നടത്തണം. ദുരിതബാധിത പഞ്ചായത്തുകളുടെ പട്ടിക പുനര്‍നിര്‍ണയിക്കണം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവ് ദുരിതബാധിത പ്രദേശമായി പരിഗണിച്ച് അടിയന്തര ദുരിതാശ്വാസ സഹായം നല്‍കണം. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജനിതക വൈകല്യം ഗര്‍ഭസ്ഥാവസ്ഥയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സംവിധാനം ഒരുക്കണം.

എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് അര്‍ഹരായവരെ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുക. ദുരിതബാധിതര്‍ക്കായി എല്ലാ പഞ്ചായത്തുകളിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക. ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റുകളിലെ നിയമനങ്ങളില്‍ 25 ശതമാനം ദുരിതബാധിതര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ സംവരണം ചെയ്യണം. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേനേയുള്ള നിയമനങ്ങളിലും സംവരണം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. പി അബ്ദുല്‍ ഹമീദ്, സി.കെ ആശ, വി.ടി ബല്‍റാം, ഡോ. എന്‍.ജയരാജ്, യു.പ്രതിഭ ഹരി, വീണാ ജോര്‍ജ്ജ്, ഇകെ വിജയന്‍ എന്നിവര്‍‌ അംഗങ്ങളാണ്.

TAGS :

Next Story