Quantcast

സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചപ്പോള്‍ കെ.പി.സി.സിക്ക് ജംബോ നേതൃത്വം 

ഗ്രൂപ്പുകള്‍ക്കതീതനായ മുല്ലപ്പള്ളിയെ നേതൃത്വത്തിലെത്തിക്കണമെന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമായിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Sep 2018 2:24 AM GMT

സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചപ്പോള്‍ കെ.പി.സി.സിക്ക് ജംബോ നേതൃത്വം 
X

സാമുദായിക സമവാക്യവും ഗ്രൂപ്പ് സമവാക്യവും എല്ലാം പാലിച്ചപ്പോള്‍ കെ.പി.സി.സിക്കുണ്ടായത് ജംബോ നേതൃത്വം. ഗ്രൂപ്പുകള്‍ക്കതീതനായ മുല്ലപ്പള്ളിയെ നേതൃത്വത്തിലെത്തിക്കണമെന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമായിരുന്നു. ഗ്രൂപ്പ് പ്രാതിനിധ്യവും പട്ടികജാതി ന്യൂനപക്ഷ പ്രാതിനിധ്യവും പരിഗണിച്ചാണ് മറ്റു നിയമനങ്ങള്‍.

പുതിയ കെ.പി.സി.സി പ്രസിഡന്‍റിനായി കാത്തിരുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയത് ഒരു കൂട്ടം പ്രസിഡന്‍റുമാരെ. ഒരു പ്രസിഡന്‍റും മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരും പിന്നെ ഒരു പ്രചരണ സമിതി തലവനും. എ, ഐ ഗ്രൂപ്പുകള്‍ക്ക് അതീതനായ ഒരാളെ പ്രസിഡന്‍റാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് മുല്ലപ്പള്ളി രാമചന്ദ്രന് നറുക്ക് വീഴാന്‍ കാരണം. എന്നാല്‍ ഇതിന്‍റെ പേരില്‍ ഗ്രൂപ്പ് നേതാക്കള്‍ പിണങ്ങാതിരിക്കാനാണ് വര്‍ക്കിങ് പ്രഡിഡന്‍റ് സ്ഥാനവും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും.

ഐ ഗ്രൂപ്പ് നിര്‍ദേശിച്ച കെ. സുധാകരന്‍ വര്‍ക്കിങ് പ്രസിഡന്‍റും എ ഗ്രൂപ്പ് നോമിനി ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനറുമാകുന്നതിന്‍റെ സമവാക്യം ഇതാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് നേതൃത്വത്തില്‍ പങ്കാളിത്തം വരണമെന്ന രാഹുലിന്‍രെ തീരുമാനമാണ് കൊടിക്കുന്നിലിന് പദവി ലഭിക്കാന്‍ കാരണം. എം.എം ഹസന്‍ മറ്റ് പദവികളൊന്നുമില്ലാതെ ഒഴിയുമ്പോള്‍ മുസ്‍ലിം പ്രാതിനിധ്യം നഷ്ടമാകാതിരിക്കാനാണ് എം.ഐ ഷാനവാസ് വര്‍ക്കിങ് പ്രസിഡന്‍റാകുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്കും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും സജീവമായി ചര്‍ച്ച ചെയ്ത കെ മുരളീധരന് പ്രചരണ വിഭാഗം തലവനെന്ന പദവി നല്‍കിയാണ് പരിഗണിച്ചത്.

എല്ലാ സമവാക്യങ്ങളും പരിഗണിച്ച നേതൃമാറ്റം ഉണ്ടായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അപ്പോഴും തലമുറ മാറ്റമെന്ന കോണ്‍ഗ്രസിനകത്തെ യുവാക്കളെ ആവശ്യം പരിഹരിക്കപ്പെടാതെ തന്നെ നില്‍ക്കുന്നു. സമവാക്യങ്ങളെല്ലാം പാലിച്ചു വന്ന ജംബോ നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്ന മറുപടിയാണ് കോണ്‍ഗ്രസിലെ നേതാക്കളും അണികളും നല്‍കുന്നത്.

TAGS :

Next Story