Quantcast

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിച്ചു

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. 1905 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍.

MediaOne Logo

Web Desk

  • Published:

    3 Feb 2019 10:09 AM GMT

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം:  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിച്ചു
X

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. 1905 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമെന്നും നഷ്ടപരിഹാരം നല്‍കുന്നതിന് അതിരുകള്‍ ബാധകമാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

റവന്യൂമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ നടപ്പാക്കും. മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തവരെ നേരിട്ടും മറ്റുള്ളവരെ വൈദ്യപരിശോധനയ്ക്ക് ശേഷവും പട്ടികയില്‍ ഉള്‍പ്പെടുത്തും. തുടര്‍നടപടിക്ക് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തിയിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് സമരസമിതി അറിയിച്ചു. സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തക ദയാബായിയും നന്ദി പറഞ്ഞു.

എൻഡോസൾഫാൻ പീഡിതജനകീയ മുന്നണി നടത്തിവന്ന സമരം അഞ്ചാം ദിവസമാണ് ഒത്തുതീർപ്പിലെത്തിയത്. റവന്യൂമന്ത്രിയുമായി നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ ചർച്ച ഫലം കണ്ടു. സമരം അവസാനിപ്പിക്കാൻ കഴിഞ്ഞത് സർക്കാരിനും ആശ്വാസമായി.

¤അഞ്ച് ദിവസം നീണ്ട സമരം. ഓരോ ദിവസവും സംഭവബഹുലം. നിയമസഭയിൽ പോലും എൻഡോസൾഫാൻ ചർച്ചയായി. സമരത്തിന്റെ മൂന്നാം ദിനം സമരക്കാരുമായി ആദ്യ ചർച്ച. എന്നാൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും മുൻ കൈ എടുത്ത് നടത്തിയ ചർച്ച പരാജയം. പതിനൊന്ന് പഞ്ചായത്തിലെ ദുരന്തബാധിതർക്കേ സഹായം നൽകൂ എന്ന് സർക്കാരും അതു പോര ദുരന്തം ബാധിച്ച 27 പഞ്ചായത്തുകളിലുളള അർഹതപ്പെട്ടവർക്ക് സഹായം നൽകണമെന്ന് സമരസമിതിയും നിലപാടെടുത്തു.

കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരത്തെ എതിർത്ത് ആരോഗ്യ മന്ത്രി സമരത്തിന്റെ നാലാം ദിനം വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തി. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്രയും നടത്തി. കുട്ടികളെ എടുത്തുയർത്തി അമ്മമാർ നത്തിയ ഈ യാത്ര സർക്കാരിനെ ബാധിക്കുമെന്ന് മനസ്സിലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് അനുരഞ്ജന ചർച്ച. സമരം വിജയത്തിലേക്കും സർക്കാർ ആശ്വാസത്തിലേക്കും. 5 ദിവസവും സമരത്തിനൊപ്പം നിന്ന ദയാബായി കൂടെ നിന്ന എല്ലാവർക്കും നിറഞ്ഞ കണ്ണുകളോടെ നന്ദി അർപ്പിച്ചു.

TAGS :

Next Story