Quantcast

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം; സെന്‍കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

നിയമനത്തില്‍ പരിമിതമായ അധികാരം മാത്രമേയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരും സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ച സാഹചര്യത്തിലാണ് ഹരജി തള്ളിയത്.

MediaOne Logo

Web Desk

  • Published:

    22 March 2019 11:10 AM GMT

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം; സെന്‍കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി
X

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടികാട്ടി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. നിയമനത്തില്‍ പരിമിതമായ അധികാരം മാത്രമേയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരും സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ച സാഹചര്യത്തിലാണ് ഹരജി തള്ളിയത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിയമിക്കാന്‍ തന്റെ ഫയല്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് കൈമാറാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ടി.പി സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി ടി.പി സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്.

നിയമിക്കപ്പെടേണ്ടവരുടെ പേരുവിവരം സംസ്ഥാന സര്‍ക്കാറാണ് ശുപാര്‍ശ ചെയ്യേണ്ടതെന്നും കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ഹൈക്കോടതി ഹരജി തള്ളിയത്. തന്റെ നിയമനം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story