Quantcast

മങ്ങിയ മാതൃത്വം? 

ലോകം കണ്ടുവളരേണ്ടവര്‍ ഞൊടിയിലെ ലോകത്തില്‍ നിന്നും വിടപിരിഞ്ഞകാലം. 

MediaOne Logo
മങ്ങിയ മാതൃത്വം? 
X

ദുരന്തവര്‍ഷം അതെ ശെരിക്കും 2019 നമുക്കെല്ലാവര്‍ക്കും ദുരന്തവര്‍ഷം തന്നെ. പിഞ്ചുഹൃദയങ്ങള്‍ നമ്മളെ വിട്ടുപിരിഞ്ഞിട്ട് വലിയ നാളുകളൊന്നുമായില്ല. എന്നാലും ഓരോ മിനിറ്റും അവരെക്കുറുച്ചുള്ള ഓര്‍മ്മകള്‍ നമ്മളിലുണ്ട്. ലോകം കണ്ടുവളരേണ്ടവര്‍ ഞൊടിയിലെ ലോകത്തില്‍ നിന്നും വിടപിരിഞ്ഞകാലം.

മഹാകവി ടി.എസ് എലിയട്ട് പറഞ്ഞതുപോലെ ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസം എന്ന വാക്കുകള്‍ സത്യമാണോ എന്ന ചോദ്യത്തിലേക്ക് നാം എത്തിച്ചേരുകയാണ്. കൂട്ടുകുടുംബം ഇല്ലാതായി ഇപ്പോള്‍ അണുകുടുംബത്തിലേക്ക് കേരള ജനത മാറിക്കഴിഞ്ഞു. ഇത് വലിയൊരു മാറ്റമായിതന്നെ കണകാക്കാം. സ്വാതന്ത്ര്യമെന്ന ആശയം തീര്‍ത്തും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങള്‍ക്കുള്ളില്‍ എന്തുനടന്നാലും അയല്‍പക്കങ്ങള്‍പോലും അറിയാത്ത കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട്തന്നെ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ നമ്മള്‍ അറിയാതെ പോകുന്നു.

ഒരു മാസംകൊണ്ട് രണ്ട് കുഞ്ഞുങ്ങളെ പരലോകത്തെക്കയച്ച പാപികളായ ജനത വാഴുന്ന നാട്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വാതോരാതെ പറയുന്ന നമ്മള്‍ക്കിന്ന് ആ പിഞ്ചു ശരീരങ്ങള്‍ക്കുമുന്നില്‍ തലതാഴ്ത്തി നിന്നേപറ്റു. ഒറ്റമാസത്തില്‍ രണ്ട് കുഞ്ഞുങ്ങളുടെ അരുംകൊലയാണ് നടന്നത്. കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണിച്ചോരയില്ലാത്ത ക്രൂരത കത്തിപ്പടരുന്ന കേരളത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സ്വന്തം വീട്ടില്‍ ഓരോ കുഞ്ഞും എത്രത്തോളം സുരക്ഷിതരാണെന്ന കാര്യം ഇന്നും ഒരു ചോദ്യമായി നിലനില്‍ക്കുന്നു. നൊന്തു പ്രസവിച്ചു എന്നത് സത്യം മാതാപിതാക്കളാണ് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ കുഞ്ഞുങ്ങളെ ക്രൂരമായി തല്ലാനും കൊല്ലാനും ആരും ആര്‍ക്കും അവകാശം നല്‍കുന്നില്ല.

മുതിര്‍ന്നവരുടെ ലോകം കുറ്റകൃത്യങ്ങളുടെതും പേടിപ്പെടുത്തുന്നതും തങ്ങള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്തതുമാണെന്ന നിശബ്ദ സത്യം മുമ്പേ മാഞ്ഞുപോയ ഓരോ കുഞ്ഞുങ്ങളും വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടാവും.

താലോലിക്കേണ്ട കൈകള്‍തന്നെ ഘാതകരാകുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യം തൊടുപുഴ പിന്നെ കളമശ്ശേരി. ആ ഏഴ് വയസ്സുകാരനെയും മൂന്ന് വയസ്സുകാരനെയും നമുക്ക് വീണ്ടും ഓര്‍ക്കാം.

തൊടുപുഴയിലെ ആ കുരുന്നിന്റെ മുഖം ഒരിക്കലും മറക്കാന്‍ മലയാളികള്‍ക്കാവില്ല. അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി പത്ത് ദിവസത്തോളം മരണത്തോട് മല്ലടിച്ച ആ കുരുന്നു ജീവനുവേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ചതാണ്. എന്നാല്‍ എല്ലാം വിഫലമാക്കി ക്രൂരതകളില്ലാത്ത സമാദാനത്തിന്റെ ലോകത്തേക്ക് അവന്‍ യാത്രയായി. മൂന്ന് വയസ്സുകാരനായ കുഞ്ഞനുജന്റെ പ്രാദമിക കാര്യങ്ങളെല്ലാം ചെയ്യാന്‍ ചുമതലയുള്ളത് ഏഴ് വയസ്സുകാരന്. എത്ര കഠിനമായ ചുമതലകള്‍.... ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ആ ഏഴ് വയസ്സുകാരന്‍ എത്ര അനുഭവിച്ചെന്ന്. കുഞ്ഞനുജന്‍ സോഫയില്‍ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകന്‍ ഉറങ്ങികിടക്കുകയായിരുന്ന ഏഴ് വയസ്സുകാരനെ പുതരെ തല്ലി, നിലത്തിട്ട് ചവിട്ടി, കാലുവാരി നിലത്തടിച്ചു, അലമാരയുടെ ഇടയില്‍വെച്ച് ഞെരിച്ചു. ഈ ക്രൂരമര്‍ദ്ദനത്തിലാണ് കുഞ്ഞിന്റെ തലയോട്ടി പൊട്ടുന്നത്. കൊല്ലും വിതം മര്‍ദ്ദിച്ചപ്പോള്‍ ആ കുഞ്ഞ് അമ്മേ.... എന്ന് ഉറക്കേ വിളിച്ചുകാണില്ലേ...? അവന്റെ ഓരോ കുഞ്ഞ് അവയവങ്ങളും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാവില്ലെ? ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. സ്വന്തം അച്ഛന്റെ കണ്ണടവെച്ച ചിത്രങ്ങള്‍ ഡ്രോയിംങ് ബുക്കില്‍ വരച്ചിടുമ്പോള്‍ എത്രത്തോളം പരാതികളും സങ്കടവും ആ ചിത്രത്തില്‍ നോക്കി അവന്‍ പറഞ്ഞിട്ടുണ്ടാവും? പഠിക്കാന്‍ മിടുക്കനായ അവന്‍ ക്ഷമ, കുറ്റസമ്മതം, ആലോചന എന്നീവാക്കുകള്‍ തെറ്റുകൂടാതെ പുസ്തകത്തില്‍ കുറിച്ചപ്പോള്‍ അവന്റെ ചിന്തകള്‍ എന്തെല്ലാമായിരുന്നു? ഓരോ മലയാളിയും ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിച്ചുപോയിട്ടുണ്ടാവും. എന്തുതന്നെയായാലും ക്രൂരതകളുടെ ലോകത്തുനിന്നും ആ കുഞ്ഞ് സുരക്ഷിതനായി തന്റെ അച്ഛന്റെ കൈകളിലെത്തികാണും എന്ന് നമുക്ക് ആശ്വസിക്കാം.

ഏഴ് വയസ്സുകാരന്റെ വിയോഗത്തിന് ശേഷം ഹൃദയത്തില്‍ വിങ്ങലായി ആലുവയിലെ മൂന്ന് വയസ്സുകാരനും. അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ കുഞ്ഞിനെ മരണം തിരികെവിളിച്ചു. തലച്ചോറിനേറ്റ ഗുരുതര പരിക്കുമൂലമാണ് ആ കുഞ്ഞും നമ്മോട് വിട പറഞ്ഞത്. ചപ്പാത്തി പരത്തുന്ന ഉരുളന്‍ തടികൊണ്ട് തലക്കടിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ ആ അമ്മയുടെ മനസ്സിന് ഒരു വിങ്ങലുപോലുമുണ്ടായില്ല. ഉരുളന്‍ തടികൊണ്ട് അടിക്കുമ്പോള്‍ അമ്മേ.. എന്ന് വിളിക്കുന്നത് ഇഷ്ടമില്ല എന്നീ കാരണങ്ങള്‍ ആ സ്ത്രീ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും സ്വന്തം ചോരയെ ഇത്തരത്തില്‍ നോവിക്കാന്‍ നൊന്തുപെറ്റ ഒരമ്മയ്ക്കും സാധിക്കില്ല എന്ന സത്യം വീണ്ടും നമുക്ക് ഉറക്കെ പറയാം.

ഒടുവില്‍ കേരളം വീണ്ടും ഗാതകനായി. ആലപ്പുഴയിലെ പട്ടണക്കാട് ഗ്രാമത്തില്‍ നിന്നും ഒരു ജീവനെ കൂടി നമ്മള്‍ ഇല്ലാതാക്കി. ആതിഷയെന്ന ഒന്നര വയസ്സുകാരിയെ സ്വന്തം അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. സ്വയിര്യ ജീവിതം നയിക്കാന്‍ വേണ്ടി സ്വന്തം ചോരയെ കൊന്നുകളഞ്ഞ ആതിരയെന്ന പിശാച്. കേരളത്തിനിത് എന്ത് പറ്റി എന്ന ചോദ്യവും മനോഭാവവും തുടരെ ഉണ്ടായികൊണ്ടിരിക്കുകയാണ്.

വര്‍ദ്ധിച്ചു വരുന്ന മാതൃപീഠനത്തിനെ കുറിച്ച് സൈക്കോളജിസ്റ്റ് ഡോ. എന്‍ സിനിയുടെ അഭിപ്രായം, 'നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളില്‍ പലതിലും അസോഭാവികമായി സ്വന്തം മാതാപിതാക്കള്‍ തന്നെ കുറ്റവാളികളാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇതിലേക്ക് അവരെ കൊണ്ടെത്തിക്കുന്ന കാരണങ്ങള്‍ പലതാണ്. അവരുടെ ജീവിത സാഹചര്യം, മറ്റു സ്വഭാവ വൈകല്യം, വഴിവിട്ട ജീവിത ബന്ധങ്ങള്‍ എന്നിവയെല്ലാം അതില്‍പ്പെടുന്നു.

ഇതില്‍ പൊതുവായി പറയപ്പെടുന്നത് കുടുംബ പശ്ചാതലത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ്. അതവാ ഒരു വൈകാരിക ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന ഒരു പെണ്‍കുട്ടി അവളുടെ മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ധത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയുള്ള വിവാഹം ഇതുപോലുള്ള ദാരുണമായ സംഭവ വികാസങ്ങളിലേക്ക് അവരെ എത്തിക്കാറുണ്ട്. കാരണം താല്‍പര്യം ഇല്ലാത്ത ഒരു ബന്ധത്തില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളോടൊ ജീവിത പങ്കാളിയോടൊ മാനസികമായുള്ള അടുപ്പം കുറവായിരിക്കും. അതുപോലെതന്നെ വിവാഹത്തിന് മുമ്പുണ്ടായിട്ടുള്ള പ്രണയ ബന്ധങ്ങള്‍ വിജയിക്കാതെ പോകുന്നത് ജീവിതത്തോട് മടുപ്പും വെറുപ്പും ഉണ്ടാക്കുകയും അത് വിവാഹ ജിവിതത്തേയും മാതൃത്വത്തേയും സാരമായി ബാധിക്കുകയും ചെയ്യുന്നു.

അമിതമായ ലൈഗികാസക്തി, അക്രമ സ്വഭാവം, ഒന്നിനേയും വിശ്വാസം ഇല്ലാത്ത അവസ്ഥ, പെരുമാറ്റത്തിലുള്ള അസ്വഭാവികത, സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ, പരാജയങ്ങളെ അംഗീകരിക്കാനുള്ള വിരക്തി, അമിത ആഗ്രഹം, പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയെല്ലാം ഇതുപോലുളള കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കും'.

ഇതുപോലെ മനസ്സാക്ഷിക്ക് നിരക്കാത്ത കേസുകള്‍ മുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഉള്‍പ്പെട്ട മറ്റുരണ്ട് കേസുകള്‍ കൂടി ഒന്നു പരിശോദിക്കാം. കൊല്ലം ജില്ലയിലെ കുണ്ടറ ഗ്രാമത്തില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് നടന്ന അരുംകൊല നമ്മള്‍ മറന്നു കാണില്ല. ഒരു സാധാരണ കൊലയായി ഇതിനെ പറയാന്‍ കഴിയില്ല. പതിനാലുവയസ്സുകാരനായ ജിത്തു ജോബിനെ സ്വന്തം അമ്മ കൊലപ്പെടുകത്തി. എന്നാല്‍ കൊലപ്പെടുത്തിയശേഷം ആ അമ്മ ചെയ്ത പ്രവര്‍ത്തികള്‍ തീര്‍ത്തും ക്രൂരമായതാണ്. അവന്റെ ശരീരത്തെ കത്തിക്കുകയും ശേഷം കത്തികരിഞ്ഞ ശരീരത്തില്‍ നിന്നും ഓരോ അവയവങ്ങള്‍ അറുത്തുമാറ്റുകയും ചെയ്തു. വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ക്രൂരകൃത്യമാണ് ഈ അമ്മ നടത്തിയത്.

2018 ഏപ്രില്‍ മാസത്തില്‍ പവിത്രേശ്വരം പഞ്ചായത്തില്‍ നടന്ന കൊലപാതകവും നമ്മുക്ക് അത്രപ്പെട്ടന്ന് മറക്കാന്‍ സാധിക്കില്ല. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സ്വന്തം അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നു. എന്നാല്‍ ആ കുഞ്ഞുശരീരത്തെ നായകള്‍ കടിച്ചുവലിക്കുകയും ആളൊഴിഞ്ഞ വീട്ടില്‍ അനാദമായി ആ ശവം കിടന്നതോടെയാണ് പൊതുസമൂഹം വിവരമറിയുന്നത്.

കുട്ടികള്‍ക്കെതിരെ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ നമുക്കൊരു മാന്ത്രിക നമ്പറുണ്ട് 1517. എന്നാല്‍ ഈ നമ്പര്‍ ആവശ്യവേളയില്‍ പോലും ഡയല്‍ ചെയ്യാന്‍ മടിക്കുന്ന ജനതയായി നാം മാറികഴിഞ്ഞിരിക്കുന്നു. സമൂഹം അറിഞ്ഞതും അറിയാത്തതുമായ ഇതുപോലുള്ള നിരവധി കേസുകളുണ്ട്. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുക.യും നടപടിയെടുക്കുകയും ചെയ്‌തേ പറ്റു. 'കുട്ടികളാണ് ഭാവി' എന്ന സത്യം എന്നും എപ്പോഴും നമ്മള്‍ ഓര്‍ക്കേണ്ടതാണ്.

TAGS :

Next Story