Quantcast

തൃശൂര്‍ പൂരം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോടെ അനുമതി

നാല് പാപ്പാന്മാര്‍ വേണം. 10 മീറ്ററില്‍ ബാരിക്കേഡുകള്‍ തീര്‍ക്കണം. രാവിലെ 9.30 മുതല്‍ 10.30 വരെ മാത്രമേ ആനയെ പുറത്തിറക്കാവൂയെന്നും നിബന്ധനയുണ്ട്

MediaOne Logo

Web Desk

  • Published:

    11 May 2019 7:53 AM GMT

തൃശൂര്‍ പൂരം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോടെ അനുമതി
X

തൃശൂര്‍ പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി. ഉപാധികളോടെയാണ് അനുമതി. നാല് പാപ്പാന്മാര്‍ വേണം. 10 മീറ്ററില്‍ ബാരിക്കേഡുകള്‍ തീര്‍ക്കണം. രാവിലെ 9.30 മുതല്‍ 10.30വരെ മാത്രമേ ആനയെ പുറത്തിറക്കാവൂയെന്നും നിബന്ധനയുണ്ട്.

രാവിലെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പൂര്‍ത്തിയായിരുന്നു. മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ആനയെ പരിശോധിച്ചത്. ഡോക്ടര്‍മാരായ വിവേക്,ഡേവിഡ്,സോജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

നിയന്ത്രണങ്ങളോടെ പൂരത്തില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. ആനക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാട് ഹൈക്കോടതിയും സ്വീകരിച്ചു. തെച്ചിക്കോട്ട് ഇല്ലെങ്കില്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടില്‍ ആന ഉടമകളും ഉറച്ച് നിന്നതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ജില്ല കലക്ടര്‍ പുനഃപരിശോധനക്ക് തയ്യാറാവുകയായിരുന്നു.

TAGS :

Next Story