Quantcast

പി.കെ ശശിക്കെതിരായ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി

നവംബർ 26നാണ് ഷൊർണൂർ എം.എൽ.എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.കെ ശശിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    27 May 2019 8:02 AM GMT

പി.കെ ശശിക്കെതിരായ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി
X

പി.കെ ശശി എം.എല്‍.എക്കെതിരായ പാര്‍ട്ടി അച്ചടക്ക നടപടിയുടെ കാലാവധി പൂര്‍ത്തിയായി. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പരാതിയെ തുടര്‍ന്ന് ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ സസ്പെന്‍ഡ് ചെയ്തത്. പി.കെ ശശി ഏത് ഘടകത്തിൽ പ്രവർത്തിക്കണമെന്ന് ഇനി പാർട്ടി സംസ്ഥാന കമ്മിറ്റി തിരുമാനിക്കും. പാലക്കാട്ടെ തോൽവിക്ക്‌ പിന്നിൽ പി.കെ ശശിയാണെന്ന ആരോപണത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും.

നവംബർ 26 നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.കെ ശശിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മിഷന്‍ ശിപാര്‍ശ.

സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിക്കുമെങ്കിലും ഏത് പാർട്ടി ഘടകത്തിൽ പ്രവർത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ശശിക്കെതിരെയുള്ള നടപടി സി.പി.എം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എം.ബി രാജേഷിന്റെ പാലക്കാട്ടെ തെരഞ്ഞെടുപ്പു തോൽവിയ്ക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്ന ആരോപണം ഉയര്‍‍‍‍ന്നിട്ടുണ്ട് ശശി യുടെ സ്വാധിന മേഖലയായ മണ്ണാർക്കാട്ടാണ് സി.പി.എം പുറകോട്ട് പോയത്.

സസ്പെന്‍ഷന്‍ കാലയളവിൽ നെഹ്രു ഗ്രൂപ്പ് ചെയർമാനെ പ്രകീർത്തിച്ച് സംസാരിച്ചതും ഒരു വിഭാഗം നേതാക്കൾ അമർഷത്തോടെയാണ് കാണുന്നതും. ഇതിലെല്ലാം സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് ശശിയുടെ ഘടകം ഏതാണെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാണ്. നെഹ്റു കോളേജ് വിവാദത്തിൽ എസ്.എഫ്.ഐ പരാതിയാൽ നടപടി എടുക്കുമോ എന്നും നിർണായകമാണ്.

TAGS :

Next Story