Quantcast

കാര്‍ട്ടൂണ്‍ പുരസ്‌കാരം: സര്‍ക്കാര്‍ സമ്മര്‍ദത്തിന് ലളിതകലാ അക്കാദമി വഴങ്ങുന്നു

സര്‍ക്കാര്‍ ഭീഷണിക്ക് വഴങ്ങിയല്ല തീരുമാനമെന്നും നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പുനഃപരിശോധനയാവാമെന്ന നിലപാടിലേക്ക് എത്തിയതെന്നുമാണ് അക്കാദമിയുടെ പുതിയ വിശദീകരണം.

MediaOne Logo

Web Desk

  • Published:

    26 Jun 2019 1:36 PM GMT

കാര്‍ട്ടൂണ്‍ പുരസ്‌കാരം: സര്‍ക്കാര്‍ സമ്മര്‍ദത്തിന് ലളിതകലാ അക്കാദമി വഴങ്ങുന്നു
X

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിന് ലളിതകലാ അക്കാദമി വഴങ്ങുന്നു. വിവാദ കാര്‍ട്ടൂണില്‍ പുനഃപരിശോധനയാവാമെന്ന് കാണിച്ച് അക്കാദമിസര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ പ്രതിനിധിയെകൂടി ഉള്‍പ്പെടുത്തി ഉടന്‍ അക്കാദമിയുടെ ഭരണസമിതി ചേരുമെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണു ഈയൊരു തീരുമാനത്തില്‍ എത്തിയതെന്നും അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു

ഈ മാസം 17ന് ചേര്‍ന്ന ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവും ഐക്യകണ്‌ഠേന എടുത്ത തീരുമാനത്തില്‍ നിന്നാണ് സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങി അക്കാദമി പിന്നോട്ട് പോകുന്നത്. വിവാദ കാര്‍ട്ടൂണില്‍ മത ചിഹ്നങ്ങളെ അല്ല മതാധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം സംബന്ധിച്ച് ജൂറികള്‍ എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടത്തില്ലെന്ന നിലപാടായിരുന്നു അക്കാദമി അന്ന് കൈക്കൊണ്ടത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കാര്‍ട്ടൂണില്‍ പുനഃപരിശോധനയാവാമെന്ന് അക്കാദമി കത്തു നല്‍കിയതായി മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും സ്ഥരീകരിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഭീഷണിക്ക് വഴങ്ങിയല്ല തീരുമാനമെന്നും നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പുനഃപരിശോധനയാവാമെന്ന നിലപാടിലേക്ക് എത്തിയതെന്നുമാണ് അക്കാദമിയുടെ പുതിയ വിശദീകരണം.

മുന്‍ നിലപാടില്‍ നിന്ന് പുറകോട്ടു പോയതില്‍ അക്കാദമി ഭരണ സമിതി അംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിലൊരിക്കല്‍ ചേരുന്ന എക്‌സിക്യൂട്ടീവ് എന്നു വിളിച്ചു ചേര്‍ക്കുമെന്ന കാര്യത്തിലും അക്കാദമി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

TAGS :

Next Story