Quantcast

കേരള സര്‍വകലാശാല വി.സിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി; വി.സിയെ കെ.എസ്.യുക്കാര്‍ തടഞ്ഞു  

ഗവര്‍ണറെ കണ്ടുമടങ്ങിയ വി.സിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 July 2019 2:53 PM GMT

കേരള  സര്‍വകലാശാല വി.സിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി; വി.സിയെ കെ.എസ്.യുക്കാര്‍ തടഞ്ഞു  
X

എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തര പേപ്പറും യൂണിവേഴ്സിറ്റി സീലും കണ്ടെത്തിയ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം കേരള യൂണിവേഴ്സിറ്റി വി.സിയോട് ആവശ്യപ്പെട്ടു. രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. ഗവര്‍ണറെ കണ്ടുമടങ്ങിയ വി.സിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു.

യൂണിവേഴ്സിറ്റി വിഷയത്തില്‍ നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രണ്ടാമതും ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂനിവേഴ്സിറ്റി വി.സിയെയും പി.എസ്.സി ചെയര്‍മാനെയും ഗവര്‍ണര്‍ വിളിപ്പിച്ചത്. പി.എസ്.സി ചെയര്‍മാന്‍ സ്ഥലത്തില്ലാത്തതിനാല്‍ തിങ്കളാഴ്ച കാണാമെന്ന് അറിയിച്ചു. വി.സി ഡോ. വി.പി മഹാദേവന്‍ പിള്ള വൈകിട്ട് നാല് മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ഉത്തര പേപ്പറും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രാജ്ഭവനില്‍ നിന്നിറങ്ങിയ വി.സിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു.

വി.സിക്ക് നേരെ പ്രതിഷേധമുണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വി.സിക്കൊപ്പം ഒരു പൈലറ്റ് വാഹനം മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെക്കൊണ്ട് പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല. പിന്നീട് കെ.എസ്.യു പ്രവര്‍ത്തകര്‍ വഴിമാറികൊടുത്തതോടെയാണ് വി.സി കടന്ന് പോയത്. പ്രതിഷേധത്തിന് ശേഷം സ്ഥലത്തെത്തിയ പൊലീസ് രണ്ട് പ്രവര്‍ത്തകരെ പിടികൂടി.

യൂണിവേഴ്സിറ്റി സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകള്‍ അക്രമാസക്തമായി. സംസ്ഥാന പ്രസിഡന്‍റിന്‍റെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

TAGS :

Next Story