Quantcast

കള്ളനോട്ട് വേട്ടയുടെ അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൂടുതല്‍ കണ്ണികള്‍ കള്ളനോട്ട് നിര്‍മാണത്തിലും വിതരണത്തിലും പങ്കാളിത്തം വഹിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് തീരുമാനം

MediaOne Logo

Web Desk

  • Published:

    26 July 2019 7:56 AM GMT

കള്ളനോട്ട് വേട്ടയുടെ അന്വേഷണം കൂടുതല്‍ പേരിലേക്ക്
X

തിരുവനന്തപുരത്തും കോഴിക്കോടുമായി നടന്ന കള്ളനോട്ട് വേട്ടയുടെ അന്വേഷണം കൂടുതല്‍ പേരിലേക്ക്. കൂടുതല്‍ കണ്ണികള്‍ കള്ളനോട്ട് നിര്‍മാണത്തിലും വിതരണത്തിലും പങ്കാളിത്തം വഹിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് തീരുമാനം. അതിനിടയില്‍ കള്ളനോട്ട് പിടിച്ചെടുത്തതിനെ കുറിച്ച് ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടി. ഫറോഖിലും കുന്ദമംഗലത്തുമായി പിടിച്ചെടുത്ത നോട്ടുകളില്‍ നൂറിന്റെത് എല്ലാം ഓരേ സീരിയല്‍ നമ്പറിലും 2000ത്തിന്റെതും 500ന്റെതും തുടര്‍ച്ചയായ സീരിയല്‍ നമ്പരുകളിലുമായിരുന്നുവെന്നും പൊലീസിന്റെ വിശദമായ പരിശോധനയില്‍ വ്യക്തമായി.

തിരുവനന്തപുരം റൂറല്‍ എസ്.പിയോടും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോടുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഷെമീറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ പലതവണ നടത്തിയെന്നാണ് കോഴിക്കോട്ടെ പൊലീസ് സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.

തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ഇതിലൂടെ വിതരണ ശ്യംഖലയെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടിന് ഒരു ലക്ഷം വരെയാണ് സംഘം ഈടാക്കിയിരുന്നത്. 20000 രൂപ വരെ ഇടനിലക്കാര്‍ക്ക് ഇത്തരം ഒരു ഇടപാടില്‍ ലഭിച്ചിരുന്നുവെന്നാണ് പൊലീസിനുള്ള വിവരം. തിരക്കേറിയ ഇടപാടുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇവ മാറ്റിയെടുക്കുന്നതാണ് ഇവരില്‍ നിന്ന് നോട്ട് വാങ്ങിയിരുന്ന വിതരണക്കാരായ സംഘത്തിന്റെ രീതി. ഫറോഖില്‍ പിടിയിലായ റഷീദ്.

മഞ്ചേരിയില്‍ മറ്റൊരു കള്ളനോട്ട് കേസിലും പ്രതിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ ശങ്കു,ഉണ്ണി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഇയാളുടെ വീട്ടില്‍ രണ്ട് ലക്ഷത്തി നാല്‍പതിനായിരം രൂപ കണ്ടെത്താന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. അലമാരയ്ക്കും ചുമരിനും ഇടയിലുള്ള ഭാഗത്ത് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.

TAGS :

Next Story