Quantcast

കൊച്ചി മെട്രോ: മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്ക് പ്രവര്‍ത്തന സജ്ജമെന്ന് കെ.എം.ആര്‍.എല്‍

ട്രെയിന്‍ ഓടിച്ച് നടത്തിയ ആദ്യഘട്ട പരീക്ഷണം തൃപ്തികരമാണ്.

MediaOne Logo

Web Desk

  • Published:

    31 July 2019 8:34 AM GMT

കൊച്ചി മെട്രോ: മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്ക് പ്രവര്‍ത്തന സജ്ജമെന്ന് കെ.എം.ആര്‍.എല്‍
X

കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്ക് പ്രവര്‍ത്തന സജ്ജമെന്ന് കെ.എം.ആര്‍.എല്‍. ട്രെയിന്‍ ഓടിച്ച് നടത്തിയ ആദ്യഘട്ട പരീക്ഷണം തൃപ്തികരമാണ്. സെപ്റ്റംബറില്‍ മൂന്നാം ഘട്ടം കമ്മീഷന്‍ ചെയ്യും. പാളങ്ങളുടെ ആദ്യഘട്ട പരിശോധന രാവിലെ ഏഴിന് മഹാരാജാസ് സ്റ്റേഷനില്‍നിന്ന് ആരംഭിച്ചു. അനുവദനീയമായ പരമാവധി ഭാരത്തിന് തുല്യമായ അളവില്‍ മണല്‍ച്ചാക്ക് നിറച്ചാണ് ട്രെയിന്‍ ഓടിച്ചത്. ഡി.എം.ആര്‍.സിയുടെയും കെ.എം.ആര്‍.എല്ലിന്‍റെയും സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ഇരുപത്തിയൊന്നിന് കടവന്ത്ര വരെ പരീക്ഷണയോട്ടം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സൗത്ത് റയില്‍വെ ലൈനിന് മുകളിലെ പാതയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. വൈറ്റില ജംക്ഷന് മുകളിലൂടെയാണ് ഇന്ന് മെട്രോ എത്തിയത്. രാവിലെ ഏഴേമുക്കാലിന് ട്രെയിന്‍ വൈറ്റില ജംക്ഷനിലെത്തി. തൈക്കൂടം സ്റ്റേഷനില്‍ അരമണിക്കൂറിലധികം നിര്‍ത്തിയിട്ട് പരിശോധന നടത്തിയശേഷം ട്രെയിന്‍ തിരികെ എളംകുളം സ്റ്റേഷനിലെത്തിച്ചു.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ അഞ്ചേമുക്കാല്‍ കിലോമീറ്റര്‍ ട്രാക്കിന്‍റെ പരിശോധന രണ്ടരമണിക്കൂറു കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ച് സ്റ്റേഷനുകള്‍ മൂന്നാംഘട്ടത്തില്‍ തുറന്നു കൊടുക്കും. സിഗ്‌നലിങ് സംവിധാനവും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍പരിശോധനകള്‍ക്കൊപ്പം സ്റ്റേഷനുകളുടെ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കി ഒന്നര മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു.

TAGS :

Next Story