Quantcast

കരിപ്പൂര്‍ വിമാനത്താവള സ്വകാര്യവത്കരണം; കുഞ്ഞാലിക്കുട്ടിയും വഹാബും തമ്മില്‍ തർക്കം

പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെ പരസ്യമായി എതിര്‍ത്ത പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തെറ്റാണെന്ന് പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 July 2019 11:53 AM GMT

കരിപ്പൂര്‍ വിമാനത്താവള സ്വകാര്യവത്കരണം; കുഞ്ഞാലിക്കുട്ടിയും വഹാബും തമ്മില്‍ തർക്കം
X

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലുള്ള പാര്‍ട്ടി നിലപാടിനെ ചൊല്ലി മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍ വഹാബും തമ്മില്‍ തർക്കം. മലപ്പുറത്തെ ഒരു വീട്ടില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു ചടങ്ങിനിടെയാണ് ഇരുവരും തര്‍ക്കിച്ചത്.

പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെ പരസ്യമായി എതിര്‍ത്ത പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തെറ്റാണെന്ന് പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു. വിമാനത്താവളം കുത്തകകളെ ഏല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണമാണ് വഹാബിനെ ചൊടിപ്പിച്ചത്. സ്വകാര്യവല്‍ക്കരണത്തോട് പുറംതിരിഞ്ഞു നിന്നാല്‍ കരിപ്പൂരിനെതിരെ സംഘടിത നീക്കമുണ്ടാകുമെന്നും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ സ്വകാര്യവല്‍ക്കരണമാണ് നല്ലതെന്നുമാണ് വഹാബിന്‍റെ വാദം.

കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നത് ചൂണ്ടിക്കാട്ടിയ പി.കെ കുഞ്ഞാലിക്കുട്ടി തന്‍റെ നിലപാടിനെ ന്യായീകരിച്ചു. പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യാതെ ലീഗ് നിലപാട് സ്വയം പ്രഖ്യാപിക്കുന്നതെങ്ങനെ എന്ന വഹാബിന്‍റെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിക്ക് മറുപടിയുണ്ടായില്ല. വിഷയം പാര്‍ട്ടി നേതൃതലത്തില്‍ ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കാമെന്ന ധാരണയില്‍ ഇരുവരും എത്തിയെന്നാണ് വിവരം.

കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച 10 വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂര്‍. ജീവനക്കാരുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെ ഉന്നയിച്ച് നിരവധി സംഘടനകള്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരായ നിലപാടുമായി രംഗത്തുണ്ട്.

TAGS :

Next Story