Quantcast

പൈക്കാടന്‍ മലയിലും മടത്തുംകുഴിയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

പൈക്കാടന്‍ മലയുടെ തൊട്ടടുത്തായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് മഴക്കാലത്ത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് 

MediaOne Logo

Web Desk 6

  • Published:

    22 Aug 2019 2:54 AM GMT

പൈക്കാടന്‍ മലയിലും മടത്തുംകുഴിയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്
X

കോഴിക്കോട് കാരശ്ശേരി പൈക്കാടന്‍ മലയിലും പാലോറമലയിലെ മടത്തുംകുഴിയിലും കണ്ടെത്തിയത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്. പൈക്കാടന്‍ മലയുടെ തൊട്ടടുത്തായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് മഴക്കാലത്ത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ടിടത്തും സോയില്‍ പൈപ്പിംഗിനോട് സമാനമായ പ്രതിഭാസം കണ്ടെത്തിയത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തരിപ്പമലയിലുണ്ടായ വിള്ളല്‍ അപകട സാധ്യതയുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജില്ലയുടെ വിവിധ ഇടങ്ങളിലായി സോയില്‍ പൈപ്പിംഗിന് സമാനമായ പ്രതിഭാസം കണ്ട വാര്‍ത്തയെ തുടര്‍ന്നാണ് പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. പൈക്കാടന്‍ മലയില്‍ കാണുന്നത് സോയില്‍ പൈപ്പിംഗ് പ്രതിഭാസം തന്നെയെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അപകട സാധ്യതയില്ലെങ്കിലും നാലിടത്തായി കണ്ടെത്തിയ സോയില്‍ പൈപ്പിംഗ് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നത് അപകട സാധ്യത കൂട്ടും. സമീപ പ്രദേശങ്ങളില്‍ ക്വാറികള്‍ ഉണ്ടെങ്കില്‍ പ്രകമ്പനങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് മഴക്കാലത്ത് അപകടങ്ങള്‍ സൃഷ്ടിച്ചേക്കും. പാലോറ മലയിലെ മഠത്തും കുഴിയിലും സോയില്‍ പൈപ്പിംഗാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെങ്കിലും കൃത്യമായ നിരീക്ഷണം ഈ മേഖലകളില്‍ വേണം. ഇതിലൂടെ ഒഴുകിയെത്തുന്ന മണലിന്റെയും ചളിയുടെയും അളവ് കൂടുന്നുണ്ടോ എന്ന കാര്യവും നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റൊരു സ്ഥലം നരിപ്പറ്റ പഞ്ചായത്തിലെ തരിപ്പമലയാണ്.

തിനൂര്‍ തരിപ്പമലയില്‍ അരകിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് മഴക്കാലത്ത് ഈ മലയുടെ താഴെ താമസിക്കുന്ന കുടുംബങ്ങളെ മുന്‍ കരുതലിന്‍റെ ഭാഗമായി മാറ്റി താമസിപ്പിക്കണമെന്ന നിര്‍ദ്ദേശവും വിദഗ്ദസമിതി മുന്നോട്ടുവെയ്ക്കുന്നു. മണ്ണ് സംരക്ഷണവിഭാഗം, സി.ഡബ്യു.ആര്‍.ഡി.എം, ജിയോളജി വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധര്‍ കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു. ഇതിന് പുറമെ ജില്ലയിലെ 67 ഇടങ്ങളിലെ ഭൌമ പ്രതിഭാസങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ അഞ്ച് ടീമുകളെ ജില്ലാകലക്ടര്‍ നിയോഗിച്ചു.

TAGS :

Next Story