Quantcast

യു.ഡി.എഫിന് കനത്ത തിരിച്ചടിയായി പാലായിലെ ഫലം 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മേൽക്കൈ നഷ്ടപ്പെട്ട യു.ഡി.എഫിന് വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ കനത്ത വെല്ലുവിളിയാവും.

MediaOne Logo

Web Desk 4

  • Published:

    27 Sep 2019 8:09 AM GMT

യു.ഡി.എഫിന് കനത്ത തിരിച്ചടിയായി പാലായിലെ ഫലം 
X

പാലായിലെ പരാജയം യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മേൽക്കൈ നഷ്ടപ്പെട്ട യു.ഡി.എഫിന് വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ കനത്ത വെല്ലുവിളിയാവും. കേരള കോൺഗ്രസിലുണ്ടാകാൻ ഇടയുള്ള പൊട്ടിത്തെറിയും യു.ഡി.എഫിന് തലവേദനയാകും.

കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ആണ് പാലായിലെ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് വിലയിരുത്തുമ്പോഴും അത് യു.ഡി.എഫിന് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് നേടി അസാധാരണ വിജയം നേടിയെടുത്ത യു.ഡിഎഫ് അരനൂറ്റാണ്ട് കൈവശം വെച്ച സ്വന്തം തട്ടകം കൈവിട്ടുപോയ അവസ്ഥയിലാണ്. ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന 5 ഉപതെരഞ്ഞെടുപ്പുകളെ പാല സ്വാധീനിക്കാതിരിക്കാൻ യു.ഡി.എഫിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

വർദ്ധിച്ച ആത്മവിശ്വാസത്തോടെ പോരാടുന്ന എല്‍.ഡി.എഫിനെയാകും തെരഞ്ഞെടുപ്പ് രംഗത്ത് യു.ഡി.എഫിന് നേരിടേണ്ടിവരിക. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്ന കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ പ്രത്യേകിച്ചും.

പാലാ ഫലം സർക്കാരിൻറെ വിലയിരുത്തൽ ആകും എന്ന് പറഞ്ഞ യു.ഡി.എഫ് നേതാക്കളും വെട്ടിലായി. കേരള കോൺഗ്രസിലെ തർക്കങ്ങളെ ശരിയാംവിധം കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് നേതൃത്വത്തിന് വീഴ്ച വന്നോ എന്ന ചോദ്യവും ഉയരും. തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസിൽ ഉണ്ടാകാനിടയുള്ള ഉരുൾപൊട്ടൽ യു.ഡി.എഫിൽ ഉണ്ടാക്കുന്ന പരിക്ക് വേറെയും. ചുരുക്കത്തിൽ കേരള കോൺഗ്രസിനേക്കാൾ കോൺഗ്രസിനും യു.ഡി.എഫിനുമാണ് പാലാ ഫലം പരീക്ഷണം ആയി മാറുന്നത്.

TAGS :

Next Story