Quantcast

‘എത്രയും പെട്ടെന്ന് ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം, ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ഫ്ലാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും വിഷയത്തില്‍ ഒരു റിട്ട് ഹരജിയും ഇനി കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു

MediaOne Logo

Web Desk 8

  • Published:

    4 Oct 2019 7:37 AM GMT

‘എത്രയും പെട്ടെന്ന്  ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം, ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ഫ്ലാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി
X

മരടില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന ഫ്ലാറ്റുടമകളുടെ ഹരജി സുപ്രീം കോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും വിഷയത്തില്‍ ഒരു റിട്ട് ഹരജിയും ഇനി കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ‘എത്രയും പെട്ടെന്ന് എല്ലാവരും ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം. ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

മരടുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് സുപ്രീം കോടതി ഇതിനോടകം നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം കോടതിയില്‍ എത്തുകയായിരുന്നു. ഇത് ജസ്റ്റിസ് അരുണ്‍ മിശ്രയെ ക്ഷുഭിതനാക്കി. ആവശ്യം പരിഗണിക്കനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി അന്തിമമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രജസ്ട്രി റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന് വലിയ വിമര്‍ശനമാണ് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്.

കൂടുതല്‍ വാദത്തിനായി മുതിര്‍ന്ന അഭിഭാഷകരോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുന്ന സാഹചര്യവും കോടതിയില്‍ ഉണ്ടായി. ഒഴിഞ്ഞ് പോകുന്ന ഫ്ലാറ്റ് ഉടമകള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്‍കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ ഭാഗത്ത് ഉടമകളോട് ഇനി ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

അതേസമയം മരടിലെ 50 ഫ്ലാറ്റുകളില്‍ ഉടമകളെ കണ്ടെത്താനായില്ല. 29 ഓളം കുടുംബങ്ങളാണ് ഇനി ഒഴിയാനായി ബാക്കിയുള്ളത്. ഇന്നലെ അര്‍ധരാത്രി 12 വരെയായിരുന്ന ഫ്ലാറ്റുകളില്‍ നിന്നും ഒഴിയാന്‍ സമയം അനുവദിച്ചിരുന്നത്. ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. കോടതിവിധി വേഗത്തില്‍ നടപ്പില്ലാക്കേണ്ടതിനാല്‍ ഒഴിയാനുള്ള സമയ പരിധി നീട്ടാനാവില്ലെന്ന് ചുമതലയുള്ള സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒഴിയാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് അധികൃതരുടെ തീരുമാനം. സമയ പരിധി അവസാനിച്ചാല്‍ പുനസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story