Quantcast

എസ്.എഫ്.ഐ യൂണിയന്‍ നീതിക്ക് വേണ്ടി കൂടെ നിന്നില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍; കേരളത്തില്‍ ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ

MediaOne Logo

Web Desk

  • Published:

    1 Nov 2019 11:37 AM GMT

എസ്.എഫ്.ഐ യൂണിയന്‍ നീതിക്ക് വേണ്ടി കൂടെ നിന്നില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍; കേരളത്തില്‍ ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്ന്  ഡി.വൈ.എഫ്.ഐ
X

ചലച്ചിത്ര നടന്‍ ബിനീഷ്‌ ബാസ്റ്റിനെ കോളജ് ഡേ പരിപാടിയില്‍ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പ്രിന്‍സിപ്പാളിനെതിരെ നടപടി വേണമെന്നും ഡി.വൈ.എഫ്.ഐ. ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണെന്നും അപമാനിച്ചു ഇറക്കിവിടാൻ ഒരാൾക്കും അവകാശമില്ല എന്നും ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. അതെ സമയം കോളജ് യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐക്കെതിരെ നിശ്ശബ്ദത പാലിച്ച ഡി.വൈ.എഫ്.ഐ നിലപാടിനെ ചോദ്യം ചെയ്തും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തുവന്നു. എസ്.എഫ്.ഐ ഭരിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളജിലെ ചെയര്‍മാനാണ് തന്നോട് വേദിയില്‍ വരരുത് എന്ന് പറഞ്ഞത് എന്ന് ബിനീഷ് ബാസ്റ്റിന്‍ വെളിപ്പെടുത്തിയിരുന്നു. വേദിയില്‍ എത്താന്‍ എസ്.എഫ്.ഐക്കാര്‍ തന്നെ സഹായിച്ചിരുന്നില്ല എന്നും ശ്രമിച്ചിരുന്നില്ല എന്നും ബിനീഷ് ബാസ്റ്റിന്‍ ഇന്ന് മീഡിയവണിനോട് പറഞ്ഞിരുന്നു.

ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നിന്നും

അനിൽ രാധാകൃഷ്ണ മേനോന്റെ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. കോളേജ് പ്രിൻസിപ്പലിന്റെ സമീപനവും വിമർശന വിധേയമാണ്. കോളേജിൽ അതിഥികളായി എത്തുന്ന രണ്ടുപേരിൽ, ഒരാളുടെ സങ്കുചിത താല്പര്യത്തിനു ഒരു സർക്കാർ ഉദ്യോഗസ്ഥൻ കീഴ്പ്പെടാൻ പാടില്ലായിരുന്നു. കോളേജ് പ്രിന്‍സിപ്പലിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം. അടിയന്തിരമായി അദ്ദേഹത്തോട് സർക്കാർ വിശദീകരണം തേടണം.
ഒരു തരത്തിലുള്ള വിവേചനവും കേരളത്തിൽ അനുവദിക്കരുത്. കേരളം ഒറ്റക്കെട്ടായി ബിനീഷ് ബാസ്റ്റിനൊപ്പം അണിനിരക്കണം. ഡി.വൈ.എഫ്.ഐ ബിനീഷ് ബാസ്‌റ്റിന്‌ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

TAGS :

Next Story