Quantcast

സ്ത്രീ ആയിപ്പോയി,അല്ലെങ്കിൽ തല്ലിച്ചതച്ചേനെ; വനിതാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി

ഇനി നിങ്ങൾ പുറത്തിറങ്ങുന്നത് കാണണമെന്ന് പറഞ്ഞ് വാതിൽ വലിച്ചടച്ച് അഭിഭാഷകർ തന്നെ പൂട്ടിയിട്ടെന്നും മജിസ്ട്രേറ്റിന്റെ പരാതിയിൽ പറയുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    29 Nov 2019 4:58 AM GMT

സ്ത്രീ ആയിപ്പോയി,അല്ലെങ്കിൽ തല്ലിച്ചതച്ചേനെ; വനിതാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി
X

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണവുമായി എഫ്.ഐ.ആർ. അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും വനിത മജിസ്ട്രേറ്റ് നൽകിയ പരാതിയിൽ പറയുന്നു. എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. സംഭവത്തില്‍ സ്വമേധയ കേസെടുത്ത ഹൈക്കോടതി കേസ് ഇന്ന് പരിഗണിച്ചേക്കും.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ദീപ മോഹനെ തടഞ്ഞുവെച്ച കേസിലെ എഫ്.ഐ.ആറിലാണ് ബാർ അസോസിയേഷൻ ഭാരവാഹികളടക്കമുളള അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണങ്ങളുളളത്. ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്യേശത്തോടെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയെന്ന് വനിത മജിസ്ട്രേറ്റിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.ഒന്നാം പ്രതി ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി ജയചന്ദ്രനെതിരെയും രണ്ടാം പ്രതി അസോസിയേഷൻ സെക്രട്ടറി പാച്ചല്ലൂർ രാധാകൃഷ്ണനെതിരെയുമാണ് പരാതിയിൽ പ്രധാനമായും പരാമർശിച്ചിട്ടുളളത്.സ്ത്രീ ആയിപ്പോയി,അല്ലെങ്കിൽ തല്ലിച്ചതച്ചേനെ എന്നായിരുന്നു മജിസ്ട്രേറ്റിനോടുളള ഒന്നാം പ്രതിയുടെ ഭീഷണി.ഉത്തരവ് മാറ്റിയെഴുതിയില്ലെങ്കിൽ കോടതി പ്രവർത്തിപ്പിക്കില്ല. ഇനി നിങ്ങൾ പുറത്തിറങ്ങുന്നത് കാണണമെന്ന് പറഞ്ഞ് വാതിൽ വലിച്ചടച്ച് അഭിഭാഷകർ തന്നെ പൂട്ടിയിട്ടെന്നും മജിസ്ട്രേറ്റിന്റെ പരാതിയിൽ പറയുന്നുണ്ട്.

വനിത മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന പത്തോളം അഭിഭാഷകർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുളളത്. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ ജാമ്യം അന്യായമായി റദ്ദാക്കിയെന്നാരോപിച്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദീപ മോഹനെ അഭിഭാഷകർ ചേമ്പറിൽ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്തത്. ഉത്തരവ് മാറ്റിയെഴുതണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ മജിസ്ട്രേറ്റ് തയ്യാറായില്ല.

TAGS :

Next Story