Quantcast

മരടിലെ ഫ്ലാറ്റുകൾ നിലം പതിക്കുക നിയന്ത്രിത സ്ഫോടനങ്ങളിലൂടെ

രണ്ട് മുതൽ അഞ്ച് വരെ സെക്കന്റിനുള്ളിൽ ഫ്ലാറ്റുകൾ പൂർണമായും നിലംപതിക്കും.

MediaOne Logo

Web Desk

  • Published:

    10 Jan 2020 3:39 PM GMT

മരടിലെ ഫ്ലാറ്റുകൾ നിലം പതിക്കുക നിയന്ത്രിത സ്ഫോടനങ്ങളിലൂടെ
X

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്ന നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് മരടിലെ ഫ്ലാറ്റുകൾ നിലം പതിക്കുക. രണ്ട് മുതൽ അഞ്ച് വരെ സെക്കന്റിനുള്ളിൽ ഫ്ലാറ്റുകൾ പൂർണമായും നിലംപതിക്കും.

ഓരോ ഫ്ലാറ്റിലും സ്ഫോടനം നടത്തേണ്ട നിലകൾ തീരുമാനിച്ച് ഇടഭിത്തികൾ പൂർണമായും നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളടക്കിയ ഓരോ കാഡ്രിജ് വീതമാണ് ഓരോ ദ്വാരങ്ങളിലുമുള്ളത്. 125 ഗ്രാമാണ് ഓരോ കാഡ്രിജിലെയും സ്ഫോടകവസ്തുവിന്റെ അളവ്.

ഈ സ്ഫോടക വസ്തുക്കൾ ഡിറ്റണേറ്റിങ് ഫ്യൂസും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററുമായി ഘടിപ്പിച്ച ശേഷം കളിമണ്ണ് ഉപയോഗിച്ചാണ് ഓരോ ദ്വാരവും അടച്ച് സുരക്ഷിതമാക്കിയിട്ടുള്ളത്. സ്ഫോടകവസ്തു ജ്വലിപ്പിക്കുകയാണ് ഡിറ്റണേറ്റിങ് ഫ്യൂസിന്റെയും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററിന്റെയും കടമ. ഓരോ തൂണുകളിലെ ദ്വാരങ്ങളിൽനിന്നുള്ള നോണലുകൾ മുഖ്യ ട്രങ്ക് ലൈനിലേക്ക് ബന്ധിപ്പിച്ച ശേഷം ഇവ ഇലക്‌ട്രിക്‌ ഡിറ്റണേറ്ററിലേക്ക് ഘടിപ്പിക്കുക എന്നതാണ് ഫ്ലാറ്റിനുള്ളിലെ അവസാന നടപടി.

ഒന്നോ രണ്ടോ ഇലക്‌ട്രിക്‌ ഡിറ്റണേറ്റർ മതിയെങ്കിലും മുന്നൊരുക്കത്തിന്റെ ഭാഗമായി മൂന്ന് ഇലക്‌ട്രിക്‌ ഡിറ്റണേറ്റർ വീതമാണ് ഓരോ ഫ്ലാറ്റിലും ഒരുക്കിയിട്ടുള്ളത്. ഈ ഇലക്‌ട്രിക്‌ ഡിറ്റണേറ്ററിൽ നിന്നുള്ള കണക്ഷൻ 100 മീറ്റർ അകലെയുള്ള എക്സ്‌പ്ലോഡറിലേക്ക് എത്തിക്കും. രണ്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന എക്സ്‌പ്ലോഡറിൽ വിരലമർത്തുന്നതോടെ ഷോക്ക് ഇലക്‌ട്രിക്‌ ഡിറ്റണേറ്ററിൽ എത്തുകയും ഈ ഷോക്ക് മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ ദ്വാരങ്ങളിലെ സ്ഫോടകവസ്തുക്കളിലെത്തി സ്ഫോടനം നടക്കും. സെക്കൻഡുകൾക്കുള്ളിൽ ഫ്ലാറ്റുകൾ പൂർണമായി നിലംപതിക്കും.

TAGS :

Next Story