Quantcast

കൊറോണ; വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    31 Jan 2020 3:40 AM GMT

കൊറോണ; വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി
X

തൃശ്ശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പേ വാർഡിൽ തയ്യാറാക്കിയ ഐസലേഷൻ വാർഡിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാൻ ഐഎംഎയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൂട്ടായ്മകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി തൃശൂരിൽ തുടരുകയാണ്.

കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേരാണ് കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. നിലവിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.

വെെറസ് ബാധയുടെ പശ്ചാതലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ടതാണ്.

ഐ.ഡി.എസ്.പി: 0487 2320466, ഡോ. സുമേഷ് : 9895558784, ഡോ. കാവ്യ: 9961488260, ഡോ. പ്രശാന്ത്: 94963311645, ഡോ. രതി: 9349171522

കലക്ടറേറ്റിലും കൺട്രോൾ റൂം സജ്ജമാണ്. ഫോൺ നമ്പറുകൾ: 04872362424, 9447074424, 1077.

TAGS :

Next Story