Quantcast

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന്

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്

MediaOne Logo

  • Published:

    20 May 2020 1:10 AM GMT

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന്
X

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് ട്രെയിൻ പുറപ്പെടുക. യാത്രക്കാർക്കുള്ള പരിശോധന രാവിലെ മുതൽ ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളാണ് ഇപ്പോൾ പറഞ്ഞിട്ടുള്ള സ്റ്റോപ്പുകൾ. 975 രൂപയാണ് ടിക്കറ്റ് ചാർജ്. യാത്രക്കായി 1304 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണ്. യാത്രക്കാരിൽ കൂടുതലും വിദ്യാർത്ഥികളാണ് അറിയിപ്പ് കിട്ടിയിട്ടുള്ള യാത്രക്കാർ നോർക്കയിൽ ഓൺലൈനായി പണമടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ ഇന്ന് രാവിലെ ഒമ്പതിന് നിഷ്കർഷിച്ചിട്ടുള്ള സ്ക്രീനിംഗ് സെന്‍ററുകളിലെത്തി പരിശോധനയ്ക്ക് വിധേയമാകണം. 12 സ്ക്രീനിംഗ് സെൻററുകളാണ് ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അതത് സർക്കാരുകളുടെ നിർദ്ദേശം പാലിച്ച് എക്സിറ്റ് പാസുമായി കാനിംഗ്‌ റോഡിലുള്ള കേരള സ്കൂളിൽ സ്ക്രീനിംഗിന് വിധേയരാകണം. ടിക്കറ്റിന് പണം അടയ്ക്കാത്തവർക്ക് അതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു ശേഷം ഇവർ വന്ന വാഹനത്തിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം.

കേരള സ്കൂളിൽ എത്തുന്നവർക്ക് ഇന്ന് ഭക്ഷണം ഡൽഹിയിലെ മലയാളി സംഘടനകളും ഡൽഹിയിലെ വിവിധ ജില്ലകളിലെ സ്ക്രീനിംഗ് സെന്‍ററുകളിൽ എത്തുന്നവർക്ക് ഡൽഹി സർക്കാരും നൽകും. യാത്രക്കാർ രണ്ട് ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിട്ടൈസർ, മാസ്ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലവും പാലിക്കണം.

രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ഇന്ന് പുറപ്പെടും. വിദ്യാർഥികൾ ഉൾപ്പടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രാജസ്ഥാനിൽ ജയ്പൂരിന് പുറമേ ചിറ്റോർ​ഗഡിലും ട്രെയിൻ നിർത്തും.

TAGS :

Next Story