Quantcast

ഉത്രയുടെ കുടുംബം, വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി

പൊലീസ് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സൂരജ് തെളിവെടുപ്പിനിടെ വിളിച്ച് പറഞ്ഞു.

MediaOne Logo

  • Published:

    27 May 2020 8:44 AM GMT

ഉത്രയുടെ കുടുംബം, വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി
X

ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി. ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്ന് സൂരജ്. ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ്. വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നു.

അതിനിടെ സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. രണ്ടാം പ്രതി, പാമ്പിനെ കൈമാറിയ സ്ഥലത്തും സ്വര്‍ണം സൂക്ഷിച്ച ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടന്നു. പൊലീസ് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സൂരജ് ആരോപിച്ചു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സൂരജിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ആദ്യം പാമ്പിനെ കൈമാറിയ ഏനാത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. രണ്ടാം പ്രതി സുരേഷും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്നാണ് അടൂരിലെ സൂരജിന്‍റെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

രണ്ട് മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തി. വീടിനകത്തും പുറത്തും പൊലീസ് വിശദമായി പരിശോധിച്ചു. ആദ്യം ഉത്രയ്ക്ക് പാമ്പ് കടിയേറ്റത് ഇവിടെവെച്ചാണ്. കൊലപാതക ശ്രമം നടന്നതിനടക്കമുള്ള തെളിവുകള്‍ ലഭിച്ചതായാണ് സൂചന. എന്നാല്‍ പൊലീസ് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സൂരജ് തെളിവെടുപ്പിനിടെ വിളിച്ച് പറഞ്ഞു.

വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജിനെ സമീപത്തുള്ള ധനകാര്യ സ്ഥാപനത്തിലും എത്തിച്ച് തെളിവെടുത്തു. ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഇവിടെ ലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂരജ് മൊഴി നല്കിയിരുന്നു. കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഉത്രയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങൾ ഉണ്ടാവുക. കൊലക്കുപയോഗിച്ച മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി സാമ്പിളുകൾ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയാൽ മാത്രമേ പ്രതികൾക്കെതിരായ തെളിവുകൾ ശക്തമാക്കാനാവുക. ഇതിനായി ഉത്രയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. പാമ്പിന്റെ ഡിഎൻഎ പരിശോധനയും നിർണായകമാണ്.

കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം സൂരജ് തേടിയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോൺരേഖകളുടെയടക്കം വിശദമായ പരിശോധനയും തുടരുന്നു.

TAGS :

Next Story