Quantcast

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ സിപിഎമ്മിന് കൊണ്ടും കൊടുത്തും പാര്‍ട്ടിയെ വളര്‍ത്തിയ നേതാവ്

ടി പി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം കുഞ്ഞനന്തനെ കൈവിട്ടില്ല

MediaOne Logo

  • Published:

    12 Jun 2020 2:22 AM GMT

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ സിപിഎമ്മിന് കൊണ്ടും കൊടുത്തും പാര്‍ട്ടിയെ വളര്‍ത്തിയ നേതാവ്
X

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാള്‍- പി.കെ കുഞ്ഞനന്തനെ കേരളം അറിയുന്നത് അങ്ങനെയാണ്. എന്നാല്‍ കൊണ്ടും കൊടുത്തും പാര്‍ട്ടിയെ വളര്‍ത്തിയ നല്ല നേതാക്കളിലൊരാളാണ് സിപിഎമ്മിന് കുഞ്ഞനന്തന്‍. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും പാര്‍ട്ടി കൈവിടാതെ കാത്തതും അതുകൊണ്ടാണ്.

ടി.പി വധക്കേസിന്‍റെ വിചാരണ നടക്കുമ്പോള്‍ പരിഭ്രാന്തിയുണ്ടായിരുന്നില്ല കുഞ്ഞനന്തന്. 2014 ജനുവരിയില്‍ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചപ്പോഴും. സിപിഎമ്മിന് കുഞ്ഞനന്തനിലും കുഞ്ഞനന്തന് പാര്‍ട്ടിയിലും വിശ്വാസമുണ്ടായിരുന്നു.

കണ്ണൂരിലെ പാനൂരായിരുന്നു എക്കാലത്തും കുഞ്ഞനന്തന്‍റെ കളരി. പി ആര്‍ കുറുപ്പിനെയും അനുയായികളെയും നേരിട്ട് സിപിഎമ്മിന് വേരുണ്ടാക്കിയ കാലം മുതല്‍. തൊണ്ണൂറുകളില്‍ ആര്‍എസ്എസ്സും ബിജെപിയുമായി മുഖ്യ എതിരാളി. കണ്ണൂരിലെ രാഷ്ട്രീയ കുരുതിക്കളമായി പാനൂര്‍ മാറി അക്കാലത്ത്. അപ്പോഴും അണുവിട കുലുങ്ങിയില്ല കുഞ്ഞനന്തന്‍. വളരാന്‍ സാഹചര്യമുണ്ടായിട്ടും പാനൂരിനപ്പുറത്തേക്ക് രാഷ്ട്രീയ ശിഖരം പടര്‍ത്തിയില്ല. 1980 മുതല്‍ പാനൂര്‍ ഏരിയ കമ്മറ്റി അംഗമായ കുഞ്ഞനന്തന്‍ മരിക്കുവോളം ആ സ്ഥാനത്ത് തുടര്‍ന്നു.

കണ്ണൂരിലൊഴുകിയ ചോരയില്‍ കുഞ്ഞനന്തന്‍റെ പങ്കിനെക്കുറിച്ച് ആരോപണങ്ങള്‍ പലതുണ്ടായി. ചുവടു പിഴച്ചത് ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തില്‍. സിപിഎമ്മിനെ രാഷ്ട്രീയമായി ഉലച്ച ഈ കേസില്‍ കെ.സി രാമചന്ദ്രനെയും ട്രൌസര്‍ മനോജിനെയും പുറത്താക്കിയ സിപിഎം കുഞ്ഞനന്തനെ കൈവിട്ടില്ല. ജയിലില്‍ കിടക്കുമ്പോഴും ഏരിയാ കമ്മറ്റി അംഗത്വം മാറ്റിവെച്ചു. പരോളിന്‍റെ പഴുതിലൂടെ കുഞ്ഞനന്തന് പരമാവധി സ്വാതന്ത്ര്യവും നല്‍കി. പരോളിന്‍റെ നിയമ സാധുത ചോദ്യംചെയ്തപ്പോഴൊക്കെ കോടതി മുറിക്കുള്ളില്‍ സംരക്ഷണമൊരുക്കി പിണറായി സര്‍ക്കാര്‍.

ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ സിപിഎമ്മിലെ ഉയര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടങ്ങിയിട്ടില്ല. അതിന്‍റെ യാഥാര്‍ഥ്യം കൂടിയാകും കുഞ്ഞനന്തനൊപ്പം ഇല്ലാതാകുക.

മുഖ്യമന്ത്രി അനുശോചിച്ചു

ടിപി വധക്കേസിൽ പതിമൂന്നാം പ്രതിയായ പികെ കുഞ്ഞനന്തൻ മൂന്ന് മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയായിരുന്നു ചികിത്സ.

വയറ്റിനുള്ളിലെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. രാത്രി 9.30ഓടെയാണ് അന്ത്യം സംഭവിച്ചത്. മരണ വിവരമറിഞ്ഞ് മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ തുടങ്ങിയവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. രാത്രി തന്നെ മൃതദേഹം സ്വദേശമായ പാനൂരിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാർട്ടിയെ...

Posted by Pinarayi Vijayan on Thursday, June 11, 2020
TAGS :

Next Story