Quantcast

ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കോവിഡ്; പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍

ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെയാണ് ട്രിപ്പള്‍ ലോക്ക്ഡൌണ്‍

MediaOne Logo

  • Published:

    29 Jun 2020 3:52 PM GMT

ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കോവിഡ്; പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍
X

അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെയാണ് ട്രിപ്പിള്‍ ലോക്ഡൌണ്‍.

പ്രദേശത്തെ 1500 പേരെ പ്രാഥമിക ഘട്ടത്തില്‍ ടെസ്റ്റിന് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ സേവനം അനുഷ്ടിച്ചിരുന്ന ആശുപത്രികളില്‍ ജൂണ്‍ 5ന് ശേഷം പോയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അവലോകനയോഗത്തിന് ശേഷം മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് പൊന്നാനി താലൂക്കില്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ലോക്ക് ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടച്ചിടും. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, പെട്രോളിയം പമ്പുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

പൊലീസ്, സിവില്‍ ഡിഫന്‍സ്, അഗ്നിരക്ഷാ സേന, ജയില്‍, ദുരന്ത നിവാരണ അതോറിറ്റി ഓഫീസുകള്‍, റവന്യൂ ഡിവിഷന്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസുകള്‍, ട്രഷറി, ഇലക്ട്രിസിറ്റി, വാട്ടര്‍, സാനിറ്റേഷന്‍, നഗരസഭാ ഓഫീസ്, തുടങ്ങിയവ ആവശ്യത്തിനുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ നിബന്ധനകളും പാലിച്ചു മാത്രമെ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകളൊന്നും അനുവദിക്കുന്നതല്ല. ദേശീയ പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെങ്കിലും പൊന്നാനി താലൂക്കില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഐ.പി.സി സെക്ഷന്‍ 188 പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ജില്ലാ പൊലീസ് മേധാവി

പൊന്നാനി താലൂക്കില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അഭ്യര്‍ത്ഥിച്ചു. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഐ.ജി. അശോക് യാദവിന്റെ നേതൃത്വത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് മേഖലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്ന് പെരുമ്പടപ്പ് വഴിയുള്ള റോഡും പാലക്കാട് ജില്ലയില്‍ നിന്ന് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളജ് വഴിയുള്ള റോഡും അടക്കും. പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശനം നിയന്ത്രിതമായിരിക്കും. അഞ്ച് പോയിന്റുകളിലൂടെ മാത്രമെ ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോകാനും വരാനും അനുമതിയുള്ളൂ. ജങ്കാര്‍ സര്‍വീസും അനുവദിക്കുകയില്ല. പലചരക്ക് കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കടകളും അടവായിരിക്കും. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഹോം ക്വാറന്റീനിലുള്ള മുഴുവന്‍ വീടുകളും പൊലീസ് സന്ദര്‍ശിക്കും. ഓരോ പഞ്ചായത്തിലും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവുമുണ്ടായിരിക്കും. ജില്ലാ പൊലീസ് മേധാവിയും നാല് ഡി.വൈ.എസ്.പിമാരും അഞ്ച് സി.ഐമാരും ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് പൊന്നാനി താലൂക്കില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ജൂലൈ ആറ് അര്‍ധരാത്രി വരെ നിയന്ത്രണങ്ങള്‍ തുടരും.

TAGS :

Next Story