Quantcast

സ്വർണം കടത്ത് കേസ്; കെ.ടി.റമീസ് താൻസാനിയയിലേക്ക്​ പോയത്​ സ്വർണ, വജ്ര ഖനന ബിസിനസിനെന്ന് എൻ.ഐ.എ

ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്​തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി

MediaOne Logo

  • Published:

    24 Oct 2020 1:26 AM GMT

സ്വർണം കടത്ത് കേസ്; കെ.ടി.റമീസ് താൻസാനിയയിലേക്ക്​ പോയത്​ സ്വർണ, വജ്ര ഖനന ബിസിനസിനെന്ന് എൻ.ഐ.എ
X

സ്വർണം കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി.റമീസ്​ താൻസാനിയയിലേക്ക്​ പോയത്​ സ്വർണ-വജ്ര ഖനന ബിസിനസിനെന്ന് സമ്മതിച്ചെന്ന് എൻ.ഐ.എ. ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്​തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി. സ്വർണ കടത്ത് കേസിലെ മുഖ്യ പ്രതി റമീസ് ആഫ്രിക്കയിൽ നിന്ന് യു.എ.ഇയിലേക്ക് സ്വർണ്ണവും വജ്രവും കൊണ്ടുവന്നതായി സമ്മതിച്ചതായാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്. റമീസ് വെളിപ്പെടുത്തിയ വസ്തുതകൾ സംബന്ധിച്ച്​ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.

ചില പ്രശ്നങ്ങൾ കാരണം പിന്നീട് റമീസ് തടി ബിസിനസിലേക്ക് മാറി. യു.എ.ഇയിലേക്ക്​ തടി കയറ്റുമതി ചെയ്​തതായും ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്നും എന്‍.ഐ.എ അറിയിച്ചു. കെ.ടി റമീസിനെ എ.എം ജലാൽ, പി.എസ്​ സരിത്​ എന്നിവരെ ചോദ്യം ചെയ്യലിന്​ ശേഷം തിരികെ കോടതിയിൽ ഹാജരാക്കയപ്പോഴാണ് എന്‍.ഐ.എ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനിടെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി തൽക്കാലം കസ്റ്റംസിനു നൽകാനാവില്ലന്ന് കോടതി അറിയിച്ചു. ‌

മൊഴിപ്പകർപ്പിനു വേണ്ടിയുള്ള കസ്റ്റംസിന്‍റെ അപേക്ഷ എന്‍.ഐ.എ കോടതി തള്ളി. സന്ദീപിന്‍റെ മൊഴിപ്പകർപ്പ് നൽകുന്നതിനെ എൻ.ഐ.എയും പ്രതിഭാഗവും എതിർത്തിരുന്നു. സന്ദീപിന്‍റെ രഹസ്യമൊഴികൾ ചോരാൻ ഇടവരുമെന്ന് എൻ.ഐ.എ അറിയിച്ചു. മൊഴികളിലെ വിവരം പുറത്തു വരുന്നതു സന്ദീപിന്‍റെ ജീവനുപോലും ഭീഷണിയാവുമെന്നു പ്രതിഭാഗവും സൂചിപ്പിച്ചു. സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത എൻ.ഐ.എ പരിശോധിക്കുന്നതിനിടയിലാണു കസ്റ്റംസ് മൊഴിപ്പകർപ്പിനായി അപേക്ഷ നൽകിയത്. കസ്റ്റംസ് കോഫെപോസ ചുമത്തിയനാലാണ് അപേക്ഷയെ പ്രതിഭാഗം എതിർത്തത്.

TAGS :

Next Story