Quantcast

പൊലീസ് നിയമം ഭേദഗതി ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സി.പി.ഐ മുഖപത്രം

സംസ്ഥാന സർക്കാർ കൊണ്ടുവന്ന രണ്ട് നിയമങ്ങളിൽ പരസ്യ എതിർപ്പുമായി സിപിഐ

MediaOne Logo

  • Published:

    26 Oct 2020 7:35 AM GMT

പൊലീസ് നിയമം ഭേദഗതി ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സി.പി.ഐ മുഖപത്രം
X

സംസ്ഥാന സർക്കാർ കൊണ്ടുവന്ന രണ്ട് നിയമങ്ങളിൽ പരസ്യ എതിർപ്പുമായി സി.പി.ഐ. പൊലീസ് നിയമം ഭേദഗതി ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സി.പി.ഐ മുഖപത്രത്തിന്‍റെ മുഖപ്രസംഗം. നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമ ലോകത്തും ആശങ്ക സൃഷ്ടിക്കുമെന്ന് സി.പി.ഐ മുഖപ്രസംഗത്തിൽ പറയുന്നു. പുതിയ ജില്ലാ വികസന കമ്മീഷണർ പദവിയെ എതിർത്ത് സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ ലേഖനവും ഇന്ന് ജനയുഗം പ്രസിദ്ധീകരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ അധികാരം ഒരു ഉത്തരവിലൂടെ ഇല്ലാതാക്കരുതെന്ന് പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനെ എതിർത്താണ് സി.പി.ഐ മുഖപത്രത്തിലൂടെ രംഗത്ത് വന്നത്. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവൃത്തങ്ങള്‍ തന്നെ മുന്‍കാല സുപ്രീംകോടതി വിധികളുടെ വെളിച്ചത്തില്‍ പറഞ്ഞിരുന്നതാണ്. നിയമഭേദഗതിയിലൂടെ പൊലീസിനു ലഭിക്കുന്ന അധികാരം ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും മൗലിക അവകാശങ്ങള്‍ക്കും എതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ട്. ഇക്കാര്യം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ടെന്നും മുഖ പ്രസംഗം പറയുന്നു. ഈ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഏതു നിയമവും ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമേ ഉണ്ടാക്കാവൂ എന്നും സി.പി.ഐ മുഖപത്രം ആവശ്യപ്പെടുന്നു.

ആറു ജില്ലകളിൽ ജില്ലാ വികസന കമ്മീഷണറുമാരെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെയാണ് സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു തന്‍റെ ലേഖനത്തിലൂടെ എതിർപ്പറിയിച്ചിരിക്കുന്നത്. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് പോലീസും മറ്റ് എൻഫോഴ്‍സ്‍മെന്റ് ഏജൻസികളുടെ പ്രവർത്തനത്തിൽ ജില്ലാ കളക്ടറെ സഹായിക്കണമെന്ന നിർദ്ദേശത്തെയാണ് പ്രകാശ് ബാബു പ്രധാനമായും എതിർക്കുന്നത്. ക്രിമിനൽ നടപടി നിയമപ്രകാരമുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരം ജില്ലാ വികസന കമ്മീഷണർ കൈകാര്യം ചെയ്യുന്നത് പ്രായോഗിക തലത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും പ്രകാശ് ബാബു കുറ്റപ്പെടുത്തുന്നു. സർക്കാരിന്‍റെ രണ്ട് നിയമങ്ങളിലും സി.പി.ഐ പാർട്ടി മുഖപത്രത്തിലൂടെ പരസ്യമായി എതിർപ്പറിയിച്ചത് വരും ദിവസങ്ങളിൽ ചർച്ചയാകും.

TAGS :

Next Story