Quantcast

നിയമനശുപാർശകളും നിയമനങ്ങളും പുനക്രമീകരിക്കണം; മുന്നാക്ക സംവരണ വിഷയത്തില്‍ സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത്

സംവരണത്തില്‍ വരുത്തത്തക്ക വിധത്തിലുള്ള നിര്‍ദ്ദേശങ്ങളും കത്തില്‍ പ്രതിപാദിക്കുന്നു.

MediaOne Logo

  • Published:

    26 Oct 2020 1:31 PM GMT

നിയമനശുപാർശകളും നിയമനങ്ങളും പുനക്രമീകരിക്കണം; മുന്നാക്ക സംവരണ വിഷയത്തില്‍ സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത്
X

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നാണ് എന്‍.എസ്.എസ് അഭിപ്രായപ്പെടുന്നത്. സംവരണത്തില്‍ വരുത്തത്തക്ക വിധത്തിലുള്ള നിര്‍ദ്ദേശങ്ങളും കത്തില്‍ പ്രതിപാദിക്കുന്നു.

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സര്‍ക്കാരിന് അയച്ച കത്തിന്‍റെ പൂര്‍ണരൂപം

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള (Economically Weaker Section) സംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവിൽവന്നത്. അത് കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോർട്ട് 3.01.2020ൽ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ആയതിന്‍റെ അടിസ്ഥാനത്തിൽ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി 12.02.2020ൽ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്‍റ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി 23.10.2020ൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

23.10.2020ലെ സർക്കാർ ഉത്തരവ് പ്രകാരം അന്നു മുതൽ മാത്രമേ പ്രസ്തുത സംവരണം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സർക്കാരിന്‍റെ 3.3.2020ലെ ഉത്തരവ് പ്രകാരം 3.1.2020 മുതൽ മുൻകാലപ്രാബല്യം നല്‍കി നാളിതുവരെ നടത്തിയ നിയമനങ്ങൾ പുനക്രമീകരിച്ചു നല്‍കുകയാണ് വേണ്ടിയിരുന്നത്. ഭേദഗതി നിയമത്തിലെ റൂൾ 15(എ) പ്രകാരം ഏതെങ്കിലും റിക്രൂട്ട്മെന്‍റ് വർഷത്തിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കായി നീക്കിവച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാത്ത ഒഴിവുകളായി മാറ്റിവെക്കേണ്ടതില്ലെന്നും അവ പൊതുവിഭാഗത്തിനായി നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഈ വ്യവസ്ഥ സംവരണം ലഭിക്കുന്ന മറ്റു വിഭാഗങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.

കേരളസർക്കാരിന്‍റെ ലാസ്റ്റ് ഗ്രേഡ് വിഭാഗം ഒഴിവുകളിലേക്കും, ലാസ്റ്റ് ഗ്രേഡ് വിഭാഗം ഒഴികെയുള്ളവയിലേക്കും അനുവദിച്ചിരിക്കുന്ന പട്ടികപ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനായി 10% ടേണുകൾ അനുവദിച്ചിരിക്കുന്നത് 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നിങ്ങനെയാണ്. ഈ സാഹചര്യത്തിൽ ഏതെങ്കിലും തസ്തികക്ക് ഏറ്റവും കുറഞ്ഞത് ഒമ്പത് ഒഴിവുകൾ ലഭിച്ചാൽ മാത്രമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരാൾക്ക് നിയമനം ലഭിക്കുന്നുള്ളൂ. ചുരുക്കത്തിൽ, സംവരണ വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന തോതിൽ യാതൊരു കുറവും വരുത്താതെതന്നെ, മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിലനില്‍ക്കുന്നവർക്കായി നടപ്പാക്കിയിട്ടുള്ള 10% സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നു കാണാവുന്നതാണ്.

ആയതിനാൽ, മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുവാൻ സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

(1) സംവരണേതരവിഭാഗത്തിന് നല്‍കുന്ന 10% സാമ്പത്തികസംവരണം, സർക്കാർ ഉത്തരവ് പ്രകാരം നിജപ്പെടുത്തിയ 3.1.2020 മുതൽ പ്രാബല്യത്തിൽ വരുത്തേണ്ടതാണ്. 3.1.2020 മുതൽ നടത്തിയ നിയമനശുപാർശകളും നിയമനങ്ങളും പുനക്രമീകരിച്ച്, സംവരണേതരവിഭാഗങ്ങൾക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ടുപോയിട്ടുള്ള തൊഴിലവസരങ്ങൾ അവർക്ക് ലഭ്യമാക്കണം.

(2) പിന്നാക്കവിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ്ഗത്തിനും അനുവദിച്ച രീതിയിൽ ഏതെങ്കിലും നിയമനവർഷത്തിൽ അർഹരായ ഇ.ഡബ്ല്യു.എസ് ഉദ്യോഗാർഥികളെ നിയമനത്തിനായി ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാതെ മാറ്റിവെക്കേണ്ടതും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനായി പ്രത്യേകവിജ്ഞാപനം (NCA) ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പുറപ്പെടുവിച്ച് അർഹരായ ഉദ്യോഗാർഥികൾക്ക് നല്‍കേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കു ശേഷവും അത്തരം ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ ഓപ്പൺ കോമ്പറ്റീഷനിൽ (പൊതുവിഭാഗത്തിൽ) ഇടം നേടിയ സംവരണേതരവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം നല്‍കേണ്ടതുമാണ്.

(3) സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10% ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കി നിശ്ചയിക്കണം.

TAGS :

Next Story