Top

ശിവശങ്കരന്റെ അറസ്റ്റ്: രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെയ്ക്കണം - വെൽഫെയർ പാർട്ടി

സംസ്ഥാന സർക്കാരിന്റെ അധികാര കേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിൽ നടക്കുന്ന സംഭവങ്ങളോട് മുഖ്യമന്ത്രിയായ തനിക്കൊന്നും അറിയില്ലെന്ന രൂപത്തിൽ പ്രതികരിക്കുന്നത് പൊതു സമൂഹത്തോടുള്ള വഞ്ചനയാണ്

MediaOne Logo

  • Updated:

    2020-10-30 13:41:43.0

Published:

30 Oct 2020 1:41 PM GMT

ശിവശങ്കരന്റെ അറസ്റ്റ്: രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെയ്ക്കണം - വെൽഫെയർ പാർട്ടി
X

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിച്ചേർന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയനു കഴിയില്ലെന്നും രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. നയതന്ത്ര ബാഗേജ് ഉപയോഗപ്പെടുത്തി സ്വർണക്കടത്തു നടത്തിയത് സംബന്ധിച്ച അന്വേഷണത്തിൽ തുടക്കം മുതൽ തന്നെ സംശയത്തിന്റെ നിഴയിലായിരുന്ന ശിവശങ്കറെ ആദ്യഘട്ടത്തിൽ ന്യായീകരിച്ച് സംരക്ഷിക്കാൻ ശ്രമിക്കുയായിരുന്നു മുഖ്യമന്ത്രി. ശിവശങ്കരൻ അറസ്റ്റിലാകുമ്പോൾ എല്ലാ കുറ്റവും ഉദ്യേഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് അധാർമികതയാണ്. സംസ്ഥാന സർക്കാരിന്റെ അധികാര കേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിൽ നടക്കുന്ന സംഭവങ്ങളോട് മുഖ്യമന്ത്രിയായ തനിക്കൊന്നും അറിയില്ലെന്ന രൂപത്തിൽ പ്രതികരിക്കുന്നത് പൊതു സമൂഹത്തോടുള്ള വഞ്ചനയാണ്. പ്രൈസ് വാട്ടർഹൗസ് കൂപ്പറിന്റെ മറവിൽ സ്പേസ് പാർക്ക് പദ്ധതിയിൽ സ്വപ്നയെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ മുൻ കൈയെടുത്ത് നിയമിച്ച ശേഷം 21 ലധികം തവണയാണ് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി സ്വർണക്കടത്തു നടത്താൻ ശ്രമിച്ചത്.

ലൈഫ് മിഷൻ കരാർ ലഭ്യമാക്കാൻ കോഴയായി നൽകിയെതെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വ്യക്തമാക്കിയ ഐഫോണുകളിലൊന്ന് ശിവശങ്കരാനാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ഉപയോഗിച്ച ഫോണുകളിലെ ഇ.എം.ഐ നമ്പർ വ്യക്തമാക്കുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയ മുനയിൽ നിർത്തുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കി വിദേശത്തേക്ക് ഡോളർ കടത്താൻ സ്വപ്നയെ സഹായിച്ച വിഷയത്തിൽ ശിവശങ്കറെ കസ്റ്റംസ് വകുപ്പ് ചോദ്യം ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിൽ പ്രശ്നങ്ങൾ കൂടുതൽ ദുരൂഹമാകുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇഡി, കസ്റ്റംസ്, എൻഐഎ പോലുള്ള അന്വേഷണ ഏജൻസികളുടെ നിഴലിലാണ് മന്ത്രിമാരും സംസ്ഥാന സർക്കാരും ഭരണം നടത്തുന്നത്. സ്പ്രിംഗ്ലർ, കെ ഫോൺ, ബെവ്ക്യു ആപ്, റവന്യൂ വകുപ്പിലെ കമ്പ്യൂട്ടർവൽക്കരണം, ലൈഫ്മിഷൻ പദ്ധതി, ഇ-മൊബിലിറ്റി തുടങ്ങിയ വിവിധ പദ്ധതികളിലെ സംസ്ഥാന സർക്കാരിന്റെ വഴിവിട്ട നിയമങ്ങളുടെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കണക്കുകളാണ് പുറത്തു വരുന്നത്. അന്താരാഷ്ട്ര കള്ളക്കടത്തും അധോലോക മാഫിയ ബന്ധങ്ങളും കള്ളപ്പണം വെളുപ്പിക്കലും തുടങ്ങി അനേകം വിഷയങ്ങളിലൂടെ കേരള ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഭരണമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മാറിയിരിക്കുകയാണ്. അവതാരങ്ങളുടെ സ്വൈര്യവിഹാര ഇടങ്ങളായി സർക്കാർ കേന്ദ്രങ്ങൾ മാറി കഴിഞ്ഞ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story