Quantcast

പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയൽ നിയമം; സർക്കാർ പരാജയമെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍

എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമത്തിന് കീഴിലുള്ള കേസുകളുടെ ശിക്ഷാനിരക്ക് വളരെ കുറവാണെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തു

MediaOne Logo

  • Published:

    12 Nov 2020 9:17 AM GMT

പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയൽ നിയമം; സർക്കാർ പരാജയമെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍
X

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് ഭരണപരിഷ്കാര കമീഷൻ. എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമത്തിന് കീഴിലുള്ള കേസുകളുടെ ശിക്ഷാനിരക്ക് വളരെ കുറവാണെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തു.വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമീഷൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാറിനെതിരായ കുറ്റപ്പെടുത്തൽ. അക്കമിട്ട കണക്കുകൾ നിരത്തിയാണ് ഭരണ പരിഷ്കാര കമ്മീഷൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നത്.

2018 അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാൽ പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട 2594 കേസുകളിലും ആദിവാസികളുടെ 448 കേസുകളിലും വിചാരണ പൂർത്തിയായില്ല. 2017ൽ ഇരകളിൽ രണ്ടുപേർക്ക് മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018ൽ 1583 കേസ് രജിസ്റ്റർ ചെയ്തതിൽ 608ൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. പട്ടികവർഗക്കാരുടെ കാര്യത്തിൽ ഇത് 283ൽ 175 കേസിലാണ് കുറ്റപത്രം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. ഈ പ്രവണത അവസാനിപ്പിച്ച് സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

കേസുകളിൽ ശാസ്ത്രീയവും ശക്തവുമായ അന്വേഷണമ നടക്കുന്നുവെന്ന് സർക്കാർ ഉറപ്പ് വരുത്തണം. പ്രതികൾ കുറ്റമുക്തരാകുന്നത് ഇരകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അത് അതിക്രമങ്ങൾ വർധിക്കാൻ കാരണമാകും. അതിനാൽ കേസന്വേഷണം മെച്ചപ്പെടുത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്നും കമ്മീഷന്റെ ശിപാർശയിലുണ്ട്. ശിക്ഷാനിരക്ക് മെച്ചപ്പെടുത്തുന്നതിന് കൂടുതൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നും ഇരകൾക്ക് നിയമസഹായം നൽകുന്നതിന് താലൂക്ക്-പഞ്ചായത്ത് തലത്തിൽ അഭിഭാഷകരുടെ പാനലുണ്ടാക്കണമെന്നും ഭരണ പരിഷ്കാര കമ്മീഷൻ ആവശ്യപ്പെടുന്നു

TAGS :

Next Story