Quantcast

ലൈഫ് മിഷന്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് ഇ.ഡി

ഫയല്‍ വിളിച്ചുവരുത്തിയത് എംഎല്‍എമാരുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഇ.ഡി വിശദീകരിച്ചു.

MediaOne Logo

  • Published:

    14 Nov 2020 10:44 AM GMT

ലൈഫ് മിഷന്‍ ഫയലുകള്‍  വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് ഇ.ഡി
X

ലൈഫ് മിഷന്‍റെ ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് കാണിച്ച് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറടക്ട്രേറ്റ് നിയമസഭാ സമിതിക്ക് മറുപടി നല്‍കി. ഫയല്‍ വിളിച്ചുവരുത്തിയത് എംഎല്‍എമാരുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഇ.ഡി വിശദീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അധികാരങ്ങളും ഇ.ഡി മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

ശിവശങ്കറിനെതിരായ അന്വേഷണം നടത്തുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണനാണ് നിയമസഭയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. സ്വർണക്കടത്തിന്‍റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ലൈഫ് മിഷനിലേക്കും അന്വേഷണം എത്തുന്നത്. ഈ പദ്ധതിയില്‍ വന്‍ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ സിഇഒയോട് പദ്ധതിയുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇഡിയുടെ വിശദീകരണം.

പിഎംഎല്‍എ നിയമത്തിന്റെ സെഷന് 50 പ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കൂടാതെ സെഷന്‍ 54ല്‍ അന്വേഷണത്തോട് കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ സഹകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ വിളിച്ച് വരുത്തിയത്. നിയമസഭ സാമാജികരുടെ പ്രിവിലേജിലേക്കുള്ള കടന്ന് കയറ്റമായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഇ.ഡി പറയുന്നു.

കൂടാതെ സർക്കാരിന്റെ ഒരു ഏജന്‍സി മാത്രമാണ് ലൈഫ് മിഷൻ. ആയതിനാല്‍ അത് നിയമസഭയെ ബാധിക്കുന്ന പ്രശ്നമല്ല. ലൈഫ് മിഷൻ സിഇഒ പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. വലിയ സാമ്പത്തിക കുറ്റം നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. ആയതിനാല്‍ തുടർന്നുള്ള അന്വേഷണത്തോടെ സഹകരിക്കണമെന്നുമാണ് ഇ.ഡി നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നത്. കഴിഞ്ഞ 6ആം തിയ്യതിയാണ് നിയമസഭ എത്തിക്സ് കമ്മിറ്റി ഇ.ഡിയോട് വിശദീകരണം തേടിയത്. ലൈഫ് മിഷന് പുറമേ മറ്റ് പദ്ധതികളിലേക്കും അന്വേഷണം നീങ്ങിയതോടെയായിരുന്നു ഈ വിശദീകരണം.

TAGS :

Next Story