Quantcast

മുന്നാക്ക സംവരണ സീറ്റുകളുടെ എണ്ണത്തിലെ അവ്യക്തത; എംബിബിഎസ് അലോട്ട്മെന്‍റ് മാറ്റിവെച്ചു

കഴിഞ്ഞ വർഷം 12.3 ശതമാനം സീറ്റ് മുന്നാക്ക സംവരണത്തിന് നൽകിയത് മീഡിയവൺ പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൽ പുനരാലോചന നടക്കുന്നത്

MediaOne Logo

  • Published:

    17 Nov 2020 2:14 AM GMT

മുന്നാക്ക സംവരണ സീറ്റുകളുടെ എണ്ണത്തിലെ അവ്യക്തത; എംബിബിഎസ് അലോട്ട്മെന്‍റ് മാറ്റിവെച്ചു
X

മുന്നാക്ക സംവരണ സീറ്റുകളുടെ എണ്ണത്തിലെ അവ്യക്തതയില്‍ തട്ടി എംബിബിഎസ് ആദ്യ അലോട്ട്മെന്‍റ് മാറ്റിവെച്ചു. സംവരണ സീറ്റ് വിഭജനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്നാണ് അലോട്ട്മെന്‍റ് മാറ്റിയതെന്ന് എന്‍ട്രന്‍സ് കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ വർഷം 12.3 ശതമാനം സീറ്റ് മുന്നാക്ക സംവരണത്തിന് നൽകിയത് മീഡിയവൺ പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൽ പുനരാലോചന നടക്കുന്നത്. മീഡിയവൺ എക്സ്ക്ലൂസീവ്.

ആഗസ്ത് 16നാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്‍റ് നടക്കേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി സംവരണ സീറ്റുകളുടെ സീറ്റ് വിഭജിച്ച് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങേണ്ടിയിരുന്നു. എന്നാല്‍ വൈകിട്ടായിട്ടും ഉത്തരവ് പുറത്തു വരാത്തതോടെയാണ് മെഡിക്കല്‍ അലോട്ട്മെന്റ് മാറ്റിവെക്കാന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തീരുമാനിച്ചത്. മുന്നാക്ക സംവരണ സീറ്റുകളുടെ എണ്ണം സംബന്ധിച്ചാണ് തര്‍ക്കം. കഴിഞ്ഞ വര്‍ഷം 130 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിവെച്ചത്. ഒബിസി സംവരണത്തിന് അനുവദിച്ച സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 12.3 ശതമാനമായി ഇത് മാറി. മുന്നാക്ക സംവരണത്തിന് ഭരണഘടന അനുവദിച്ച 10 ശതമാനമെന്ന പരിധിയും കടന്നു. ഇക്കാര്യം മീഡിയവണ്‍ പുറത്തു കൊണ്ടുവന്നതോടെ സംവരണ വിഭാഗങ്ങളില്‍ നിന്ന് വലിയ വിമര്‍ശമുയര്‍ന്നു.

നിരവധി ഹരജികള്‍ ഹൈക്കോടതിയില്‍ വരികയും ചെയ്തു. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ വീഴ്ച പരിഹരിക്കണമെന്ന ആലോചന ആരോഗ്യ വകുപ്പില്‍ ശക്തമായി. ഇക്കാര്യത്തില്‍ തീരുമാനമാകാത്തതാണ് എംബിബിഎസിന്റെ അലോട്ട്മെന്റ് തന്നെ അനിശ്ചിതത്വത്തിലാകാന്‍ കാരണം. മുന്നാക്ക സംവരണം 10 ശതമാനം നിജപ്പെടുത്തിയാല്‍ ഒബിസി വിഭാഗത്തിലും ജനറല്‍ വിഭാഗത്തിലും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയും ചെയ്യും.

മുന്നാക്ക സംവരണം 10 ശതമാനത്തില്‍ നിജപ്പെടുത്തി അലോട്ട്മെന്റ് നടത്തിയില്ലെങ്കില്‍ കോടതിയില്‍ നിന്ന് അടക്കം ചോദ്യങ്ങള്‍ സര്‍ക്കാരിന് നേരിടേണ്ടി വരും. കഴിഞ്ഞ തവണത്തെ സീറ്റ് വിഭജന ക്രമം മാറ്റിയാല്‍ വീഴ്ച അംഗീകരിക്കുന്നതിന് തുല്യമാവുകയും ചെയ്യും. ഇതിനിടയില്‍ എന്തുചെയ്യണമെന്ന ആശയക്കുഴപ്പമാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിലുള്ളത്.

TAGS :

Next Story