Top

"ഞെട്ടിക്കുന്നത്, യെച്ചൂരി എങ്ങിനെ പ്രതിരോധിക്കും" പൊലീസ് നിയമ ഭേദഗതിയില്‍ പ്രതിഷേധവുമായി ചിദംബരവും പ്രശാന്ത് ഭൂഷനും

പോലീസ് നിയമത്തില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് പോലീസ് നിയമത്തിലെ ഭേദഗതി.

MediaOne Logo

  • Updated:

    2020-11-22 11:04:43.0

Published:

22 Nov 2020 11:04 AM GMT

ഞെട്ടിക്കുന്നത്, യെച്ചൂരി എങ്ങിനെ പ്രതിരോധിക്കും പൊലീസ് നിയമ ഭേദഗതിയില്‍ പ്രതിഷേധവുമായി ചിദംബരവും പ്രശാന്ത് ഭൂഷനും
X

സൈബർ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിൽ പൊലീസ് നിയമത്തിൽ ഭേദഗതി വരുത്തിയ കേരള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരവും .

‘കേരളത്തിലെ എൽഡിഎഫ് സർക്കാർ സമൂഹമാധ്യമത്തിലെ ‘കുറ്റകരമായ’ പോസ്റ്റിന് 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടാക്കിയതു ഞെട്ടിപ്പിക്കുന്നു. അതുപോലെ അന്വേഷണ ഏജൻസി നാലുതവണ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ സംഭവത്തിൽ (ബാർ കോഴക്കേസ്) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വീണ്ടും കേസെടുക്കാനുള്ള തീരുമാനവും ഞെട്ടലുണ്ടാക്കുന്നു. ഇത്തരം ക്രൂരമായ തീരുമാനങ്ങളെ എന്റെ സുഹൃത്തായ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എങ്ങനെ ന്യായീകരിക്കും?’– ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

നിയമ ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു. ഐ.ടി. നിയമത്തിലെ സമാനമായ സെക്ഷന്‍ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് നിയമത്തില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് പോലീസ് നിയമത്തിലെ ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവര്‍ഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല.

2000-ലെ ഐ.ടി. ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനുപകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഇത് പോലീസിന് സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.

ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‍വെയർ ഫ്രീഡം ലോ സെന്റർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകൾ ഓർഡിനൻസിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. മുൻപു റദ്ദാക്കിയ ഐടി ആക്ട് 66 എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത ഇതിലും തുടരുന്നതായും ആരോപണമുണ്ട്.

TAGS :

Next Story