Quantcast

കോൺഗ്രസിന്‍റെ തോൽവി പഠിക്കാൻ കെപിസിസിയുടെ ദ്വിദിന യോഗം ജനുവരിയില്‍

കെ.സുധാകരനും പി.ജെ കുര്യനും നേതൃത്വത്തിനെതിരെ യോഗത്തിൽ പൊട്ടിത്തെറിച്ചു.

MediaOne Logo

  • Published:

    18 Dec 2020 1:04 AM GMT

കോൺഗ്രസിന്‍റെ തോൽവി പഠിക്കാൻ കെപിസിസിയുടെ ദ്വിദിന യോഗം ജനുവരിയില്‍
X

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയകാര്യസമിതിയിൽ വാദിച്ച നേതൃത്വത്തിനെതിരെ ആരോപണ ശരങ്ങളുമായി കെ.പി.സി.സി അംഗങ്ങൾ. കണക്ക് നിരത്തി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകില്ലെന്ന് അംഗങ്ങൾ പറഞ്ഞു. കെ.സുധാകരനും പി.ജെ കുര്യനും നേതൃത്വത്തിനെതിരെ യോഗത്തിൽ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി ജനുവരിയിൽ രണ്ട് ദിവസത്തെ യോഗം ചേരാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

യോഗത്തിന് മുമ്പ് പരസ്പര കൂടിയാലോചന കഴിഞ്ഞെത്തിയ നേതാക്കൾ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയില്ലെന്ന് കണക്ക് നിരത്തി പറഞ്ഞു നോക്കി. എന്നാൽ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും രമേശ് ചെന്നിത്തലയുടെയും വാദങ്ങൾ അംഗങ്ങൾ തള്ളി. 2015 ലെ കണക്ക് നിരത്തി പരാജയം മറയ്ക്കാനാകില്ലെന്ന് അംഗങ്ങൾ തുറന്നടിച്ചു. വെൽഫയർ പാർട്ടിയുമായി നടത്തിയ നീക്ക് പോക്കിനെച്ചൊല്ലി നേതാക്കൻമാർക്കിടയിൽ ഉണ്ടായ തർക്കം അപകടമുണ്ടാക്കി. ഇത് തടയേണ്ട നേതൃത്വം തന്നെ മറ്റൊരു അഭിപ്രായവുമായി വന്ന് കൂടുതൽ അവ്യക്തത സൃഷ്ടിച്ചെന്നും സുധാകരൻ പറഞ്ഞു. താഴെത്തട്ടു മുതൽ അഴിച്ചു പണി വേണമെന്നും

പ്രവർത്തിക്കാത്ത മുഴുവൻ പേരെയും ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലുടനീളം നടന്നത് ഗ്രൂപ്പ് കളിയാണെന്ന് പി.ജെ കുര്യൻ പറഞ്ഞു. പാവപ്പെട്ട സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് പണം നൽകാൻ കെ.പി.സി.സിക്ക് കഴിഞ്ഞില്ലെന്നും കുര്യൻ പറഞ്ഞു.

ജോസ് കെ. മാണി വിഷയം കോൺഗ്രസിൽ ചർച്ച ചെയ്തിരുന്നില്ലെന്നും രാജ്യസഭ സീറ്റ് നൽകിയപ്പോൾ പോലും രാഷ്ട്രീയ കാര്യ സമിതിയിൽ ആലോചിച്ചില്ലെന്നും പി.സി ചാക്കോ പറഞ്ഞു. കൂടിയാലോചനകൾ കൂട്ടണമെന്നായിരുന്നു കെ.മുരളീധരന്‍റെ ആവശ്യം. കെ മുരളീധരന്റെ വിമർശനം പിണറായിയുടേത് പോലെ ആയിപ്പോയെന്ന് എം.എം ഹസൻ യോഗത്തിൽ പറഞ്ഞു. തോറ്റെന്ന് പറയാനെങ്കിലും നേതാക്കൾ തയാറാകണമെന്ന് വി. ഡി സതീശൻ യോഗത്തിൽ ആവശ്യപ്പെട്ടു.

തോൽവിയുടെ ആഘാതം പഠിക്കാൻ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിശാലമായ യോഗം ചേരാൻ തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരിൽ നിന്നും ശനിയാഴ്ച റിപ്പോർട്ട് തേടും. 140 നിയോജക മണ്ഡലങ്ങളിലും കെ.പി.സി.സി ഭാരവാഹികൾക്ക് ചുമതല നൽകാനും യോഗം തീരുമാനിച്ചു.

TAGS :

Next Story