Quantcast

ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി ഗവർണർ മാറരുതെന്ന് ഡി.വൈ.എഫ്.ഐ

നിയമസഭ ചേരാനുള്ള മന്ത്രിസഭാ യോഗത്തിന്‍റെ ശുപാർശ‌യടങ്ങിയ ഫയൽ അസാധാരണ നടപടിയിലൂടെ മടക്കിയ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ.

MediaOne Logo

  • Published:

    23 Dec 2020 6:33 AM GMT

ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി ഗവർണർ മാറരുതെന്ന് ഡി.വൈ.എഫ്.ഐ
X

നിയമസഭ ചേരാനുള്ള മന്ത്രിസഭാ യോഗത്തിന്‍റെ ശുപാർശ‌യടങ്ങിയ ഫയൽ അസാധാരണ നടപടിയിലൂടെ മടക്കിയ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡി.വൈ.എഫ്.ഐ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

രാജ്യമാകെയുള്ള കർഷകർ പ്രതിഷേധിക്കുന്ന കർഷകനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭചേരേണ്ട അടിയന്തര സ്വഭാവമില്ലെന്ന കുറിപ്പോടെയാണ്‌ ഗവർണർ ഫയൽ തിരിച്ചയച്ചത്‌. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്‌ നിയമസഭാ സമ്മേളനത്തിന്‌ അനുമതി നിഷേധിക്കുന്നത്‌. നിയമസഭ വിളിച്ചുചേർക്കാനുള്ള ശുപാർശ മന്ത്രിസഭ ഏത്‌ സാഹചര്യത്തിൽ സമർപ്പിച്ചാലും ഗവർണർ എതിർ നിലപാടെടുക്കാറില്ല. സഭ ചേരാനുള്ള അടിയന്തര സ്വഭാവമെന്താണെന്നാണ്‌ ഗവർണറുടെ ഇപ്പോഴത്തെ ചോദ്യം. ഇത്‌ തികച്ചും രാഷ്‌ട്രീയപ്രേരിതമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ആളായി ഗവർണർ മാറരുത്. ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (1) അനുച്ഛേദത്തിന്‌ വിരുദ്ധമാണ്‌. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരമില്ല. ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. നിയമസഭ വിളിക്കാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ് വഴക്കവും അതാണ്. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. കേന്ദ്രസർക്കാരിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയതിന്‍റെ തെളിവാണ് ഗവർണറുടെ ഈ നടപടി. ഇത് അസാധാരണ സാഹചര്യം സൃഷ്‌ടിച്ചിരിക്കുകയാണെന്നും ഭരണഘടനാപരമായി അംഗീകരിക്കാൻ കഴിയില്ല. കേന്ദ്ര ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ രാഷ്ട്രീയ ഇങ്കിതത്തിനായി രാജ്യമാകെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. ഇതിനെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹമാകെ ഉയർന്നു വരണമെന്നും ജനാധിപത്യ മനസ്സുകളാകെ പ്രതികരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGS :

Next Story