'ലത്തീൻസഭയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അടിമപ്പെട്ടു'; വിമർശനവുമായി യൂത്ത് കോൺഗ്രസ്
ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സിജോ ജോസഫാണ് വിമർശനമുന്നയിച്ചത്

എറണാകുളം: ലത്തീൻ സഭയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അടിമപ്പെട്ടെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് സിജോ ജോസഫ്. ചില സഭാ നേതാക്കൾ കോൺഗ്രസിനെതിരെ മാത്രം ശബ്ദമുയർത്തുന്നുവെന്നും മന്ത്രിസ്ഥാനം പറഞ്ഞ് കോൺഗ്രസിനെ വിമർശിക്കുന്നവർ ലക്ഷ്യമിടുന്നത് മറ്റ് പദവികളാണെന്നും സിജോ പറഞ്ഞു. ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനം തട്ടിയെടുക്കാനാണ് ഇവരുടെ നീക്കമെന്നും സിജോ ജോസഫ് വിമർശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിജോ ലത്തീൻ സഭയിലെ ഒരു വിഭാഗത്തിനെതിരെ വിമർശനം ഉയർത്തിയത്.
ലീഗിന് ഫിഷറീസ് വകുപ്പ് നൽകിയതുൾപ്പെടെ വകുപ്പ് മാറ്റത്തിലെ അതൃപ്തി ലത്തീൻ സഭ പ്രകടിപ്പിക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ നീക്കം. അതേസമയം, ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ തിരുവനന്തപുരം ലത്തീൻ സഭ ആസ്ഥാനത്ത് എത്തി ബിഷപ്പ് തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സന്ദർശനം നടത്തിയതുകൊണ്ട് മഞ്ഞുരുക്കം സംഭവിച്ചെന്ന് പറയാനാകില്ലെന്നും ലത്തീൻ സഭ പ്രതികരിച്ചു.
ചരട് വലികളും അന്തർ നാടകങ്ങളും കാരണം മത്സ്യത്തൊഴിലാളികൾക്കായി ഒരു മന്ത്രിയെ കിട്ടിയില്ലെന്നാണ് ലത്തീൻ സഭയുടെ പരാതി. യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ പോലും സഭ ബഹിഷ്കരിച്ചിരുന്നു. ഫിഷറീസ് വകുപ്പ് കൂടി മുസ്ലിം ലീഗിന് കൊടുത്തതോടെ സഭ ഇടഞ്ഞുനിൽക്കുകയാണ്.
സിജോ ജോസഫിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം
എല്ലാ സമുദായങ്ങളെയും, എല്ലാ നേതാക്കളെയും ഒരുപോലെ പരിഗണിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വന്നിട്ട് ആവശ്യമായ സമയത്ത് കൃത്യമായ ഇടപെടൽ നടത്താതെ, എല്ലാം കഴിഞ്ഞ് ഇപ്പോൾ മന്ത്രി സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നതിൽ എന്ത് രാഷ്ട്രീയ മര്യാദയാണ് ഉള്ളത്?
മന്ത്രി സഭാ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുന്നു എന്ന വാർത്തകൾ പല ഇടങ്ങളിലും കണ്ടു. പക്ഷേ അതേ സമയം നമ്മുടെ പല സഭാ നേതാക്കളെയും ആ ചടങ്ങിൽ തന്നെ സന്നിഹിതരായി കണ്ടിരുന്നു. അപ്പോൾ സാധാരണ വിശ്വാസികൾ ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട് — യഥാർത്ഥത്തിൽ ആരെയാണ് പ്രതിഷേധം ലക്ഷ്യമിടുന്നത്?
ലത്തീൻ സഭയുടെ പേരിൽ സംഘടനകൾ ഉണ്ടാക്കി, സംഘടനയുടെ തലപ്പത്ത് ഇരുന്ന് മീറ്റിംഗുകളും പ്രസ്താവനകളും നടത്തി, ചായയും കശുവണ്ടിയും കഴിച്ച് പിരിഞ്ഞുപോകുന്ന ചിലർക്ക് സഭാ മക്കളായ ടി.ജെ വിനോദിനെയും, എം. വിൻസെന്റിനെയും, ടോണി ചമ്മണിയെയും, എ.ഡി തോമസിനെയും പോലുള്ള നേതാക്കളെ കാണാനായില്ലേ? വർഷങ്ങളായി പാർട്ടിക്ക് വേണ്ടി നിലകൊണ്ടവരും, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചവരും, സമുദായത്തിന്റെ ശബ്ദമായി മാറിയവരുമായ ഇവരെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ, പെട്ടെന്ന് സമുദായ വികാരം ഉയർത്തി പ്രതിഷേധിക്കാൻ ഇറങ്ങുന്നത് എന്തിനുവേണ്ടിയാണ്?
സമുദായ നേതൃത്വത്തിന്റെ പേരിൽ ചിലർ നടത്തുന്നത് യഥാർത്ഥ പോരാട്ടമാണോ, അല്ലെങ്കിൽ രാഷ്ട്രീയ സമ്മർദ്ദമോ എന്നത് വിശ്വാസികൾ തിരിച്ചറിയണം. ഇടതുപക്ഷ ചിന്താഗതിക്ക് അടിമപ്പെട്ട്, കോൺഗ്രസിനെതിരെ മാത്രം ശബ്ദമുയർത്തുന്ന ചില സമുദായ നേതാക്കൾ ആദ്യം ആത്മപരിശോധന നടത്തണം. സഭയെയും വിശ്വാസികളെയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത അവസാനിക്കണം.
ഇനി ഇപ്പോഴത്തെ പ്രതിഷേധം കോർപ്പറേഷൻ ചെയർമാൻ സ്ഥാനം, ബോർഡ് അംഗത്വം, ഗവൺമെന്റ് വക്കീൽ പദവി പോലുള്ള നേട്ടങ്ങൾ ചുളുവിൽ നേടിയെടുക്കാനുള്ള സമ്മർദ്ദ രാഷ്ട്രീയമാണെങ്കിൽ, അതിലും കോൺഗ്രസ് പാരമ്പര്യവും പാർട്ടി വിധേയത്വവും വർഷങ്ങളായുള്ള പ്രവർത്തന പാരമ്പര്യവും പരിഗണിക്കപ്പെടണം. പാർട്ടിക്കായി വിയർപ്പൊഴുക്കിയവരെ മറികടന്ന് അവസരവാദ രാഷ്ട്രീയം കളിക്കുന്നവർക്ക് എല്ലാം ലഭിക്കണം എന്ന നിലപാട് ശരിയല്ല.
വിശ്വാസികളായ നമ്മൾ ഇനി സ്വയം ചിന്തിക്കണം. യഥാർത്ഥത്തിൽ നമ്മളുടെ ശബ്ദം ഉയർത്തുന്നത് ആരാണ്? തിരഞ്ഞെടുപ്പ് സമയത്ത് മാത്രം സമുദായ സ്നേഹം കാണിച്ച്, പിന്നെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുന്നവരെയോ? അതോ ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന യഥാർത്ഥ നേതാക്കളെയോ?
ഇനിയും മാറാൻ തയ്യാറായില്ലെങ്കിൽ, പിന്നെ പ്രതിഷേധ നാടകങ്ങൾ കണ്ടുകൊണ്ട് പോത്തിറച്ചിയും റൊട്ടിയും കഴിച്ച് മിണ്ടാതിരിക്കാൻ മാത്രമേ സാധിക്കൂ.
സിജോ ജോസഫ്
ജില്ലാ പ്രസിഡന്റ്
യൂത്ത് കോൺഗ്രസ്
Adjust Story Font
16

