ഇരുമ്പ് വടത്തിന്‍റെ ഇടയിൽ കൈ കുരുങ്ങി സഞ്ചാരിയുടെ വിരലറ്റു; ഇടുക്കിയിൽ സാഹസിക വിനോദകേന്ദ്രത്തിൽ അപകടം
പോത്തുപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിൽ കഴിഞ്ഞ ദിവസമാണ് അപകടം

ഇടുക്കി: ഇടുക്കിയിൽ സാഹസിക വിനോദ കേന്ദ്രത്തിൽ ഇരുമ്പ് വടത്തിൽ കൈ കുരുങ്ങി സഞ്ചാരിയുടെ വിരലറ്റു. ചെന്നൈ സ്വദേശി ഷർമിള ബാബുവിന്‍റെ കൈവിരലാണ് അറ്റുവീണത്. ഇവരെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തുപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
പാർക്കിലെ ചില റൈഡുകൾ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെയാണെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും അനുമതികളും പൂർത്തിയാക്കിയ ശേഷം മാത്രമേ പാർക്ക് പ്രവർത്തിപ്പിക്കാവൂവെന്ന് നിർദേശം നൽകിയിരുന്നെന്നും പഞ്ചായത്തിന്‍റെ ഔദ്യോഗിക പ്രവർത്തന അനുമതിയില്ലാതെ ട്രയൽ റൺ നടത്തുന്നതിനിടയിലോ മറ്റോ ആണ് അപകടം സംഭവിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് തോമസ് പ്രതികരിച്ചു. തനിക്ക് പരാതിയില്ലെന്നും തുടർനടപടികളുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അപകടത്തിൽ പരിക്കേറ്റ യുവതി പറഞ്ഞു.
അനുമതിക്കായി ശ്രമം തുടരുന്നതിനിടെ അപകടം സംഭവിച്ചെന്നാണ് ഉടമയുടെ പ്രതികരണം. പാർക്കിന് പ്രവർത്തന അനുമതിയുണ്ടോയെന്ന് പരിശോധിക്കുന്നതായി ജില്ലാ അഡ്വഞ്ചർ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.
അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാർക്കിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അറിയിച്ചു. മഴക്കാലമെത്തുന്നതിനാൽ മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കും.
Adjust Story Font
16

