ചങ്ങരംകുളത്ത് പർദ ഷോപ്പിൽ കയറി യുവതിക്കും കടയുടമയ്ക്കും മുൻഭർത്താവിന്റെ ക്രൂരമർദനം; പ്രതി കസ്റ്റഡിയിൽ
സംഭവവുമായി ബന്ധപ്പെട്ട് പാവിട്ടപ്പുറം സ്വദേശിയായ അഷറഫിനെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് യുവതിക്ക് നേരെ മുൻഭർത്താവിന്റെ ക്രൂരമർദനം. ചങ്ങരംകുളം എടപ്പാൾ റോഡിൽ പ്രവർത്തിക്കുന്ന 'സുറുമി പർദ്ദ സെന്റർ' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്കാണ് ജോലിസ്ഥലത്ത് വെച്ച് മർദനമേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച കടയുടമയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാവിട്ടപ്പുറം സ്വദേശിയായ അഷറഫിനെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. യുവതിയും അഷറഫും തമ്മിൽ മുൻപ് പലവിധ തർക്കങ്ങൾ നിലനിന്നിരുന്നതായും, ഇതിനെത്തുടർന്ന് ഇവർ നിയമപരമായി വിവാഹമോചനം നേടിയിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതി ജോലി ചെയ്യുന്ന കടയിലെത്തി അക്രമമഴിച്ചുവിട്ടത്.
യുവതിയെ പ്രതി ക്രൂരമായി മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന കടയുടമയ്ക്കും മർദനമേൽക്കുകയായിരുന്നു. പൊതുസ്ഥലത്ത് വെച്ചുണ്ടായ ഈ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
Adjust Story Font
16

