വിരുന്ന് വിവാദം: വലതുപക്ഷ ശക്തികളുടെ വ്യാജപ്രചാരണമെന്ന് എ. വിജയരാഘവൻ; വിശദീകരണവുമായി സിപിഎം
പാർട്ടി സഖാവിന്‍റെ അനിയന്‍റെ വീട്ടിലെ ചടങ്ങിനാണ് പങ്കെടുത്തതെന്നും സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ആരായാലും പോകുമെന്നും വിജയരാഘവൻ

ന്യൂഡൽഹി: വിരുന്ന് വിവാദത്തിൽ വിശദീകരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. പാർട്ടി സഖാവിന്‍റെ അനിയന്‍റെ വീട്ടിലെ ചടങ്ങിനാണ് പങ്കെടുത്തതെന്നും സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ആരായാലും പോകുമെന്നും വിജയരാഘവൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് വലത് ശക്തികളാണെന്നും വിജയരാഘവൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്ഡിപിഐ നേതാവുമായി വിജയരാഘവൻ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റും നേരത്തെ പ്രതികരിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ സഹോദരന്‍റെ ഗൃഹപ്രവേശന ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്നും ചടങ്ങിന്‍റെ ഭാഗമായുള്ള ഗാനമേളയിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വിഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും സിപിഎം മലപ്പുറം ഫേസ്ബുക്കിൽ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിനിടയിൽ എൽഡിഎഫിലും സിപിഎമ്മിലും തിരുത്തൽ വേണമെന്ന ആവശ്യവും നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങളും ശക്തമാകുന്നതിനിടയിലാണ് പൊളിറ്റ് ബ്യൂറോ അംഗത്തെ പ്രതിരോധിച്ചുകൊണ്ട് പാർട്ടിയും നേതാവും നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16

