Quantcast

എംപ്ലോയിമെന്റ്‌ എക്‌സ്‌ചേഞ്ച് വഴിയുള്ള താൽക്കാലിക അധ്യാപക നിയമനം: പുതിയ ഉത്തരവുമായി സർക്കാർ

സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിലെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. ഇതില്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന ഭാഗം ഇല്ല.

MediaOne Logo

Web Desk

  • Updated:

    2022-05-28 01:29:04.0

Published:

28 May 2022 1:24 AM GMT

എംപ്ലോയിമെന്റ്‌  എക്‌സ്‌ചേഞ്ച് വഴിയുള്ള താൽക്കാലിക അധ്യാപക നിയമനം:  പുതിയ ഉത്തരവുമായി സർക്കാർ
X

തിരുവനന്തപുരം: താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ഉത്തരവ് മറികടക്കാന്‍ പുതിയ ഉത്തരവുമായി സർക്കാര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിലെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. ഇതില്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന ഭാഗം ഇല്ല. അധ്യാപക സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മാറ്റം.

പിടിഎകള്‍ അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയിരുന്നിടത്താണ് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തണമെന്ന നിര്‍ദേശം ഇറക്കിയത്. ഉത്തരവിന് പിന്നാലെ എതിര്‍പ്പുമായി അധ്യാപകസംഘടനകളും രംഗത്തെത്തി. തീരുമാനം നല്ലതാണെങ്കിലും നിയമനം നടത്താന്‍ സമയം എടുക്കുമെന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം. ഈ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ഇതില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന ഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറത്തിറക്കിയ മുന്‍കാല ഉത്തരവിലെ വ്യവസ്ഥകള പരിഗണിച്ചുകൊണ്ടായിരിക്കണം നിയമനം. അഭിമുഖം വഴി തന്നെ നിയമനം നടത്താമെന്നതാണ് ഇതിന്റെ സാരം. പി.എസ്.സി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാം. അധികമായി ഏതെങ്കിലും ജില്ലകളില്‍ അധ്യാപകര്‍ ഉണ്ടെങ്കില്‍ ദിവസ വേതനത്തിന് പകരം അവര്‍ക്ക് സ്ഥലം മാറ്റം നല്‍കിക്കൊണ്ട് ഒഴിവുകള്‍ നികത്താം.

പലയിടത്തും പി.ടി.എകള്‍ താല്‍ക്കാലിക നിയമനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ അധ്യാപകരുടെ ക്ഷാമം ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനം.


Summary-Govt issues new order to overturn temporary teacher recruitment through employment exchange

TAGS :

Next Story