Quantcast

പ്രവാസി ക്ഷേമനിധി: സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം

സാമ്പത്തിക ക്രമക്കേട് കാണിച്ച കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്ഷേമനിധിയുടെ സുതാര്യത ഉറപ്പ് വരുത്തണമെന്നും പ്രവാസി വെൽഫെയർ ഫോറം

MediaOne Logo

Web Desk

  • Published:

    1 Feb 2023 12:56 PM GMT

pravasi welfare forum pravasi welfare scheme
X

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോർഡിൽ നടന്ന സാമ്പത്തിക ക്രമക്കേടിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം. സർക്കാരിന്‍റെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും ചൂഷണങ്ങൾക്ക് വിധേയരാവാൻ വിധിക്കപ്പെട്ട പ്രവാസികൾക്ക് ഏറ്റവും ഒടുവിൽ ലഭിച്ച മറ്റൊരു പ്രഹരമാണ് ക്ഷേമനിധി പെൻഷൻ സ്കീമിലുള്ള തിരിമറിയും ആൾമാറാട്ടവുമെന്ന് പ്രവാസി വെൽഫെയർ ഫോറം നിരീക്ഷിച്ചു.

സർക്കാർ സംവിധാനത്തെ വിശ്വാസത്തിലെടുത്ത് പതിനായിരക്കണക്കിന് പ്രവാസികൾ കൃത്യമായ അംശാദായം അടച്ചുകൊണ്ടിരിക്കുന്ന ക്ഷേമനിധിയിൽ നിന്നും പുറത്തുവന്ന ക്രമക്കേടുകൾ പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പ് എന്ന നിലയിൽ ഉടനെ അന്വേഷണത്തിന് ഉത്തരവിടണം. സാമ്പത്തിക ക്രമക്കേട് കാണിച്ച കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്ഷേമനിധിയുടെ സുതാര്യത ഉറപ്പ് വരുത്തണമെന്നും പ്രവാസി വെൽഫെയർ ഫോറം ആവശ്യപ്പെട്ടു. സർക്കാർ അർഹിക്കുന്ന ഗൗരവത്തോടെ വിഷയം പരിഹരിച്ചില്ലെങ്കിൽ പ്രവാസി സമൂഹം ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി.

പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്‍റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ബന്ന മുതവല്ലൂർ, കുഞ്ഞിപ്പ തൃശൂർ, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും സെക്രട്ടറി അഷ്റഫ് മട്ടൂർ നന്ദിയും പറഞ്ഞു.

TAGS :

Next Story